നോക്കുകൂലിയിൽ നോക്കി നിൽക്കുന്നവർ

0

നോക്കുകൂലിക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറാണ് ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ടീയ കക്ഷി നേതാക്കളും നോക്കുകൂലിക്കെതിരെ ആവർത്തിച്ചു പ്രസ്താവനകൾ ഇറക്കുന്നതും പതിവ് കാഴ്ചകളാണ്. എങ്കിലും നിയമം അംഗീകരിക്കാത്ത സർവ്വരാലും എതിർക്കപ്പെടുന്ന നോക്കുകൂലി ഇന്നും കേരളത്തിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത തരത്തിൽ വേരുറപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. അന്യായമായ നോക്കുകൂലി അവകാശമായി ആവശ്യപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷകരായി രംഗത്തെത്തുന്നത് രാഷ്ടീയ നേതൃത്വം തന്നെയാണ്.

ഇത്തരത്തിലുള്ള ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഇത് എതിർക്കപ്പെടേണ്ടതാണെന്നും എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പറഞ്ഞ് ന്യായീകരിക്കാനും ഇതിൻ്റെ വക്താക്കളെ സംരക്ഷിക്കുവാനുമാണ് രാഷ്ട്രീയ നേതൃത്വങ്ങൾ അത്യുത്സാഹം കാണിക്കുന്നതെന്നത് പകൽ പോലെ വ്യക്തമായ വസ്തുതയാണ്. നമ്മുടെ കേരളം സംരഭകർക്ക് പേടി സ്വപ്നമായിത്തീരുന്നത് ഇത്തരം സമീപനങ്ങളുടെ ഫലമാണെന്ന് തീർച്ചയാണ്. ഇന്ന് പോത്തൻകോടിലുണ്ടായ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് പറയാതെ വയ്യ.

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ശക്തമായ ചുമട്ടുതൊഴിലാളി നിയമങ്ങളും മാന്യമായ വേതന വ്യവസ്ഥയും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. മാത്രമല്ല കേരള ഹൈക്കോടതി നോക്കുകൂലി പാടില്ല എന്ന വിധിന്യായവും പുറപ്പെടുവിച്ചിട്ടുണ്ട്‌. എന്നിട്ടും കേരളത്തിൽ മാത്രം പ്രാകൃതമായ ഈ സമ്പ്രദായം ഒരു അനുഷ്ഠാന കല പോലെ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇതിനെ നിയന്ത്രിക്കേണ്ട രാഷ്ടീയ നേതൃത്വവും ഭരണാധികാരികളും കേവലം കാഴ്ചക്കാരായി നോക്കി നിൽക്കുകയാണോ ചെയ്യേണ്ടത്? നോക്കുകൂലി നോക്കിനിൽക്കുന്നവർ വെല്ലുവിളിക്കുന്നത് ജനങ്ങളെത്തന്നെയാണ്.