ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്‌; പൊലീസ് നടപടി ആരംഭിച്ചു

0

ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാർക്ക് മടങ്ങേണ്ടി വരും.

നിലവിൽ ദ്വീപിലുള്ള തൊഴിലാളികൾക്ക് ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസറോ ആകും ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നും വീണ്ടും ദ്വീപിലെത്തണമെങ്കിൽ എഡിഎമ്മിന്റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29 നാണ് ഒരാഴ്ച സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് പുതിയ ഉത്തരവ് പുറത്തുവന്നത്.

ഉത്തരവ് സംബന്ധിച്ച് പൊലീസ് നടപടികൽ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്രകള്‍ക്ക് അനുമതി ഇല്ല. പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. അതോടൊപ്പം തന്നെയാണ് നിലവില്‍ പെര്‍മിറ്റ് ഉള്ളവരുടേത് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവും നടപ്പിലാക്കുന്നത്. ഇത് പൂർണ്ണമായി നടപ്പാക്കുന്നതോടെ ലക്ഷദ്വീപില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള നിരവധി പേരാണ് ഇത് ബാധിക്കുന്നത്. അതേസമയം, കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ഭരണകൂടം പറയുന്നത്.