‘അദ്ദേഹം കോമയിലല്ല’; കിം ജോങ് ഉൻ യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം പുറത്ത്

0

സോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിൽ ആണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ട് കൊറിയൻ വാർത്താ ഏജൻസി. കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകി യോഗത്തിലിരിക്കുന്ന പ്രസിഡൻ്റിനെയാണ് മാധ്യമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഭരണഭാരം കുറയ്ക്കാൻ സഹോദരി കിം യോ ജോങ്ങിന് ചില അധികാരങ്ങൾ നൽകിയിട്ടുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഊഹാപോഹങ്ങൾ കനത്തത്. ഇതിനിടിയിലാണ് യോഗത്തിൽ പങ്കെടുക്കുന്ന ആരോഗ്യവാനായ കിമ്മിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്.

വെളുത്ത സ്യൂട്ട് ധരിച്ച കിം യോഗത്തെ അഭിസംബോധന ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം. കിം ജോങ് ഉൻ രോഗബാധിതനാണെന്ന് ഏപ്രിലിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. കിം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായതായും വാർത്തകൾ വന്നു. മേയ് രണ്ടിന് പ്യോങ്‌ യാങ്ങിൽ ഒരു രാസവസ്തുനിർമാണശാല അദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടിരുന്നു. രാജ്യത്തെ ഭക്ഷ്യക്ഷാമം കുറയ്ക്കാൻ വളർത്തുപട്ടികളെ ഇറച്ചിക്കായി നൽകണമെന്ന് കിം ഉത്തരവിട്ടതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു.