ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല – പ്രധാനമന്ത്രി

0

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ചൈനയ്ക്കുള്ള മുന്നറിയിപ്പായിട്ടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. സൈന്യം ഏതു നീക്കത്തിനും തയാറാണ്. ഒന്നിച്ച് ഏതു മേഖലയിലേക്കും നീങ്ങാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ സേന സജ്ജമായിക്കഴിഞ്ഞു. ഈ ശേഷിയുള്ള സേനയെ നേരിടാന്‍ എതിരാളികള്‍ മടിക്കും. ചൈനീസ് അതിര്‍ത്തിയില്‍ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യന്‍ സേന വലിയ ശ്രദ്ധ കാട്ടുന്നു. സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്‌ ചൈനയ്ക്ക് തക്കതായ മറുപടി നല്‍കും. നയതന്ത്ര തലത്തില്‍ ഇതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം പ്രധാനമാണ്. ഇന്ത്യയുടെ ഒരിഞ്ച് സ്ഥലത്തേക്ക് നോക്കാന്‍ പോലും ഒരാള്‍ക്കും ധൈര്യമുണ്ടാവില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തിരുന്നത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും അതിര്‍ത്തിയിലെ തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയില്‍ വിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സര്‍വ്വ കക്ഷിയോഗത്തില്‍ പറഞ്ഞു. രഹസ്യാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാല്‍ 20 ജവാന്മാരുടെ ജീവന്‍ നഷ്ടമായി. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
രഹസ്യാന്വേഷണ വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇന്ത്യാ- ചൈന തര്‍ക്കം ചര്‍ച്ചയിലൂടെ തീര്‍ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി തര്‍ക്കം പരിഹരിച്ച് സമാധാനം ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രിമാര്‍ക്കിടയിലെ ധാരണ സ്വാഗതം ചെയ്യുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു.