ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടസ്ഥലമാറ്റം

1

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സഭ സ്ഥലം മാറ്റി. സമരം നടത്തിയ അഞ്ചു കന്യാസ്ത്രീകളേയും അഞ്ചു സ്ഥലത്തേക്കാണ് സ്ഥലം മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ,ആൽഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാരനടപടി. മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. അതേസമയം, ബിഷിപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ മാത്രം മദര്‍ ജനറല്‍ നടപടിയെടുത്തിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും.സ്ഥലംമാറ്റം ലഭിച്ച അഞ്ച് കന്യാസ്ത്രീകളോടും 2018 മാര്‍ച്ചില്‍ ഇതേസ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ അവര്‍ പോകാന്‍ തയ്യാറായില്ലെന്നുമാണ് മദര്‍ ജനറല്‍ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
സമരനേതാവ് സിസ്റ്റർ അനുപമയെ പ‌ഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്നും കുറുവിലങ്ങാട് മഠത്തിൽ നിന്ന് ഒഴിയില്ലെന്നും നടപടിയ്ക്ക് വിധേയരായ കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് ദുർബലമാക്കാനാണ് കേരളത്തിനു വെളിയിലേക്ക് സ്ഥലം മാറ്റിയതെന്നും അവർ ആരോപിച്ചു.

1 COMMENT

  1. […] Previous articleഒടുവില്‍ ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളൻ പിടിയില്‍ Next articleഫ്രാങ്കോ മുളയ്ക&… […]

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.