4 മാസം മുൻപ് കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

0

കുവൈത്ത് സിറ്റി: നാല് മാസം മുൻപ് കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തുകലശേരി ഇരമല്ലൂർപറമ്പിൽ രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകളും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയുമായ തീർഥ രാജേഷ് (9) ആണ് മരിച്ചത്. ഓഗസ്റ്റ് 26നായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്.

ബി‌ഇസി എക്സ്ചേഞ്ച് ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്തു നിന്നു കൂട്ടിക്കൊണ്ടുവരാൻ രാജേഷ് പോയ സമയത്തായിരുന്നു സംഭവം. മരണത്തിൽ ദുരൂഹത ഉയർന്നതോടെ മാതാപിതാക്കളെയും ഇവരോടൊപ്പം ഫ്ലാറ്റിൽ ഒപ്പം താമസിച്ച തിരുവനന്തപുരം സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

മൃതദേഹം വിട്ടുകൊടുക്കാൻ അധികൃതർ തയാറായെങ്കിലും യാത്രാവിലക്കുള്ളതിനാൽ മാതാപിതാക്കൾക്ക് യാത്ര സാധ്യമാകാത്തതിനാലാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ വൈകിയത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് മാതാപിതാക്കളുടെ യാത്രാവിലക്ക് നീക്കിയ സാഹചര്യത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങിയത്, ഇന്ന് 1.30ന് തുകലശേരിയിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം 3ന് ചെങ്ങന്നൂർ പേരിശേരിയിലെ ഒളിയനാട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.