യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാളെ സംസ്‍കരിക്കും

0

ലണ്ടന്‍: യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‍കരിക്കും. ബെഡ്‍ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ കയല ജേക്കബ് (16) ആണ് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മരിച്ചത്. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശി വിവിയന്‍ ജേക്കബിന്റെയും വൈഷ്ണവിയുടെയും മകളാണ്. സഹോദരന്‍ – നൈതന്‍.പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന കയല ജേക്കബിന് പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി രണ്ടാം തീയ്യതി വൈകുന്നേരം നാല് മണിയോടെ അച്ഛന്റെ കൈയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനാല്‍ ആംബുലന്‍സ് സേവനം തേടിയിരുന്നെങ്കിലും ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.

ചൊവ്വാഴ്ച ലൂട്ടന്‍ ഹോളി ഗോസ്റ്റ് കാതോലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് വൈകുന്നേരം 4.15ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‍കാരവും നടക്കും. വിവിയന്‍ ജേക്കബിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഒപ്പം ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ പ്രവര്‍ത്തകരുമാണ് മരണാനന്തര നടപടികള്‍ക്കും മറ്റ് ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.