പഴയ സൂപ്പര്‍ ഹിറ്റ്‌ മമ്മൂട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവ്; ഇന്ന് ജീവിക്കാന്‍ വേണ്ടി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുന്നു

0

സീരിയൽ നടി കടക്കെണിയെ തുടർന്ന് തട്ടുകട നടത്തുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് നമ്മളറിഞ്ഞത് . സിനിമ ഒരു മായികലോകമാണ്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവര്‍ നാളെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണേക്കാം. ജീവിതത്തിലെ നല്ല നാളുകളിൽ കൂട്ടായ് ഉറ്റവരും ഉടയവരും കാണും. എന്നാൽ ഒരു മോശം കാലം വന്നാൽ കൂട്ടിന് ആരും തന്നെ കാണില്ല. സിനിമയില്‍ ഈ വീഴ്ച്ചയുടെ ആഴം കൂടുതലാകും.

ഇപ്പോള്‍ ഇതാ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ മേഖലയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമായിരുന്ന തനിയാവര്‍ത്തനം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നന്ദകുമാര്‍ ഇന്ന് ജീവിക്കാനായി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുകയാണെന്നുള്ളതാണത്. നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് നന്ദകുമാര്‍. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ നിര്‍മ്മാണവും വിതരണവും ഒറ്റയ്ക്ക് നടത്തുകയാണ്. നന്ദകുമാര്‍ പറയുന്നു.

2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. അതോടു കൂടി ജീവിക്കാനായി ദോശമാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. ആറാമത്തേതാണ് തന്നെ ചതിച്ചതെന്നാണ് നന്ദകുമാര്‍ പറയുന്നത്.

ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാര്‍ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാര്‍ പറയുമ്പോഴും ജീവിതത്തില്‍ എപ്പോഴെങ്കിലും തനിയാവര്‍ത്തനമുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിവയ്ക്കുന്നു ഈ മുന്‍ ഹിറ്റ് നിര്‍മാതാവ്.അല്ലെങ്കിലും സിനിമ പ്രതീക്ഷകളുടെ ആണല്ലോ…