കേരളത്തിൽ നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ. പുതിയ നാല് കേസുകൾ കൂടി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് യുകെയിൽ നിന്ന് വന്ന ഒരാള്‍ക്കും കോംഗോയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കും ആദ്യ കേസിലെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപട്ടിക പരിശോധിച്ച് വരുകയാണ്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഇക്കഴിഞ്ഞ ആറിന് യുകെയിൽ നിന്ന് അബൂദബി വഴി ഇത്തിഹാദ് എയർവെയ്‌സില്‍ കൊച്ചിയിലെത്തിയ ആൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.