കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥൻ

0

പരിയാരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് (28) പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.

എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മൂന്നു ദിവസം മുന്‍പാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു. സുനില്‍കുമാറിന് നേരത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ല.

എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. തുടർന്ന് 12 ആം തിയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്. ജൂൺ 14-ാം തിയതി ഇരിക്കൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും പിന്നീട് പരിയാരം മെഡക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. കടുത്ത ന്യുമോണിയയാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല . ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തില്‍ അന്വേഷണം നടക്കുകയാണ്.