മാഹിയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

0

കോഴിക്കോട്: മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് 13-ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അന്നേദിവസം പോയ 9 സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ ഓട്ടോയിലും ട്രെയിനിലും സഞ്ചരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 13ന് പുലര്‍ച്ചെ 3.20ഓടെയാണ് രോഗി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ 6.20 മുതല്‍ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനായി പോയി, രാവിലെ 7 മണിക്ക് മാഹി ജനറല്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തി. അന്നേ ദിവസം വൈകുന്നേരം 3.30ന് ഇയാളെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. ബീച്ചാശുപത്രിയില്‍ എത്തിയ ആള്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ചു. അവര്‍ ബഹളമുണ്ടാക്കി തിരിച്ചുപോയി. തുടര്‍ന്ന് ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും പ്ലാറ്റ്ഫോം നമ്പര്‍4-ല്‍ നിന്നും മംഗള എക്സപ്രസില്‍ യാത്ര ചെയ്തു. കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് അവര്‍ യാത്ര ചെയ്തത്. സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്.

ഈ സ്ഥലങ്ങളിൽ ഈ തിയ്യതികളിൽ പ്രസ്‍തുത സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. രോഗി എത്തിയ കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്ന് സൂപ്രണ്ട് ഉമ്മർ ഫാറൂഖ് അറിയിച്ചിട്ടുണ്ട്. അതേസമയം മാഹി സ്വദേശിയായ 68കാരി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം.