ഒടുവിൽ ഇമ്രാൻ പുറത്ത്: ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി

1

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തെരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ് – നവാസ് (പിഎംഎൽ-എൻ) അധ്യക്ഷനുമാണ് ഏഴുപതുകാരനായ ഷഹബാസ് ഷരീഫ്. പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയാണ് അദ്ദേഹം.

174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാൻ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്ഥാൻ ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനു മുൻ‌പേ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളും രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പും പിടിഐ അംഗങ്ങൾ ബഹിഷ്കരിച്ചു. കള്ളന്മാർക്കൊപ്പം സഭയിലിരിക്കാനില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇമ്രാൻ ഖാൻ രാജിവെച്ചത്.

പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷഹബാസ് ഷെരീഫ്. നിലവിൽ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു.