‘ഓറഞ്ച് അലേര്‍ട്ട്’ ഉടന്‍; ചെറുതോണി തുറക്കുന്നത് 26 വര്‍ങ്ങള്‍ക്ക് ശേഷം

0

ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെ കാല്‍നൂറ്റാണ്ടിനുശേഷം ഇടുക്കി അണക്കെട്ട്‌ തുറക്കുന്നു. 26 വര്‍ഷത്തിനു ശേഷമാണ്‌ ഇടുക്കി ആര്‍ച്ച്‌ ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്‌. നാളെയോ മറ്റന്നാളോ വെള്ളം തുറന്നുവിടാനാണു തീരുമാനം.

അതെസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റി അധികൃതരുടെ വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കണ്‍ട്രോള്‍ റൂം തുറക്കും. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.2400 അടി വരെ കാക്കാതെ 2395-2396 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും.

ആദ്യം അഞ്ചു ഷട്ടറുകളില്‍ നടുവിലത്തേത്‌ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിവിടും. 3-4 മണിക്കൂര്‍ നേരിയതോതിലാകും വെള്ളം ഒഴുക്കിവിടുക. ഒഴുക്കിന്റെ ഗതി മനസിലാക്കാനാണിത്‌. സമയം നിശ്‌ചയിച്ച്‌ 24 മണിക്കൂര്‍ മുമ്പു ജാഗ്രതാനിര്‍ദേശം നല്‍കിയശേഷമാകും അണക്കെട്ട്‌ തുറക്കുക.ഇതിനു മുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഇടുക്കിയിലെത്തി. 362 കെട്ടിടങ്ങളില്‍നിന്ന്‌ ആളുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

അണക്കെട്ട്‌ തുറക്കുന്നതിനു മുന്നോടിയായി പെരിയാറ്റില്‍ ചെളിയും തടസങ്ങളും നീക്കാനാരംഭിച്ചു. ചെറുതോണി പാലത്തിനു മുകളിലും താഴെയുമുള്ള തിട്ട നിരപ്പാക്കുന്ന ജോലിയാണ്‌ ഇന്നലെ ആരംഭിച്ചത്‌. പാലത്തിനു മുകളിലുള്ള തടയണയുടെ പകുതിയും പൊളിക്കും. ചെറുതോണിയില്‍ മാത്രം രണ്ടു മണ്ണുമാന്തികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. പെരിയാറിന്റെ ഇരുകരയിലുമുള്ള നൂറോളം വീട്ടുകാര്‍ക്ക്‌ ഇന്നു രാവിലെ നോട്ടീസ്‌ നല്‍കും. മറ്റു മാര്‍ഗങ്ങളില്ലാതെ, അപകടാവസ്‌ഥയിലുള്ളവരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിക്കും. 

ഇടുക്കി അണക്കെട്ട്‌ തുറന്നാല്‍ ആറു മണിക്കൂറിനുള്ളില്‍ വെള്ളം ആലുവയിലെത്തും. 100 കോടിയോളം രൂപയുടെ നഷ്‌ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു ദുരന്തനിവാരണ അതോറിട്ടിയുടെ കണക്ക്‌. 100 ലക്ഷം ഘനയടി വെള്ളമാകും പെരിയാറിലൂടെ ഒഴുകുക.
ഷട്ടര്‍ തുറക്കുന്നതോടെ ചെറുതോണിപ്പുഴയിലേക്കാണു വെള്ളം ആദ്യമെത്തുക. തടിയമ്പാട്‌, കരിമ്പന്‍ ചപ്പാത്തുകളിലൂടെ ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍, പാംബ്ല അണക്കെട്ട്‌, നേര്യമംഗലം, ഭൂതത്താന്‍കെട്ട്‌, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട്‌ പഞ്ചായത്തിലെ തുരുത്ത്‌, മുളവുകാട്‌ പഞ്ചായത്ത്‌, വല്ലാര്‍പാടം പ്രദേശങ്ങളില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്‌. തുടര്‍ന്ന്‌ ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ പതിക്കും. അതെ സമയം, വെള്ളം നിറഞ്ഞതോടെ ഇടുക്കി ഡാം സന്ദര്‍ശിക്കാന്‍ വന്‍തിരക്കാണ് രണ്ട് ദിവസം അനുഭവപ്പെട്ടത്. തുറക്കുന്നതിന് മുന്നോടിയായി ഡാം കാണാനുള്ള അവസാന അവസരം പ്രയോജനപ്പെടുത്താന്‍ നൂറ് കണക്കിന് പേരാണ് ചെറുതോണിയില്‍ എത്തിയത്.