ഓക്സിജൻ പ്രതിസന്ധി; ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 പേർ മരിച്ചു

0

ന്യൂഡല്‍ഹി: ഡൽഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്സിജന്‍ മാത്രമാണെന്ന് സർ ഗംഗാറാം ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ അറിയിച്ചു. വെന്റിലേറ്ററുകളും മറ്റും കൃത്യമായി പ്രവർത്തിക്കുന്നില്ല. അടിയന്തരമായി ഓക്സിജൻ എത്തിക്കുകയോ രോഗികളെ എയർലിഫ്റ്റ് ചെയ്യുകയോ ചെയ്യണം. 60 രോഗികളുടെ ജീവന്‍ അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ഓക്സിജൻ ലഭ്യതക്കുറവു മൂലം ലോ പ്രഷർ ഓക്സിജനാണ് നൽകിയിരുന്നത്. ഇതാകാം മരണകാരണമെന്നാണ് സൂചന.

കോവിഡ് വ്യാപനത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ പുറത്തു വിട്ടിരുന്നു. ഡൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് നിരവധി ആശുപത്രികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിന് തുടർന്ന് കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ സംസ്ഥാനാന്തര ഓക്സിജൻ സിലിണ്ടർ നീക്കത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീക്കി. സിലിണ്ടറുകളുമായി നീങ്ങുന്ന വാഹനങ്ങളെ അതിർത്തികളിൽ തടയരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം ആരോഗ്യമേഖലയിലേക്കു മാറ്റും. കമ്പനികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ ആശുപത്രികൾക്കു മാത്രമേ ഓക്സിജൻ നൽകാവൂ എന്ന നിബന്ധന അംഗീകരിക്കില്ല. മാർഗനിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ജില്ലാ മജിസ്ട്രേട്ടും പൊലീസും ഉറപ്പാക്കണമെന്നു ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നിർദേശിച്ചു.

ഓക്സിജൻ സിലിണ്ടറുകളുമായി നീങ്ങിയ വാഹനങ്ങൾ ഹരിയാനയിലും യുപിയിലും ബലമായി പിടിച്ചെടുത്തതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും യുപിക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.