പി.എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍

0

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. മിസോറാം ഗവര്‍ണര്‍ പദവി വഹിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011-14ല്‍ വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറാം ഗവര്‍ണര്‍മാരായിരുന്നു.

ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം.ടി രമേശ് എന്നിവരെയാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരിലും ലഡാക്കിലും ലഫ്റ്റണന്റ് ഗവര്‍ണര്‍മാരെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മുവാണ് ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റണന്റ് ഗവര്‍ണര്‍. രാധാകൃഷ്ണ മാതൂറിനെ ലഡാക്ക് ലഫ് ഗവര്‍ണറായും നിയമിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മല്ലിക്കിനെ ഗോവയിലേക്ക് മാറ്റി.