ഇതു വെറും ‘പവര്‍ പാണ്ടിയല്ല ‘, ഹൃദയം കവരുന്ന സൂപ്പര്‍ പവര്‍ പാണ്ടി

0

പേരില്‍ തന്നെയുള്ള മാസ്സ് ,മസാല,ആക്ഷന്‍ ചേരുവയില്‍ നിന്നുള്ള പ്രതീക്ഷകളാകും അധികം പേരിലേക്കെത്താതെ ഈ ചിത്രം തീയേറ്ററിലൂടെ കടന്നുപോകുന്നത്.കേരളത്തില്‍ റിലീസ് കേന്ദ്രങ്ങള്‍ തീരെ കുറവായിരുന്നു.ധാരാളം റിലീസ് ഉണ്ടായിരുന്ന സിംഗപ്പൂരില്‍ പോലും ആദ്യ ദിനങ്ങളില്‍ തീരെ പ്രേക്ഷകരില്ലാതെയാണ് സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.പവര്‍ പാണ്ടി എന്ന പേരുതന്നെ അവസാനനിമിഷം ടാക്സ് ഇളവുകള്‍ക്കായി പ.പാണ്ടി എന്ന് മാറ്റേണ്ടിവന്ന അവസ്ഥ (ദുരവസ്ഥ) ഈ സിനിമയ്ക്കും സംഭവിച്ചു.സിങ്കം 3-യുടെ പേരും ഇതേ രീതിയില്‍ മാറ്റിയിരുന്നു.എന്തായാലും പുതിയ ജി.എസ്.റ്റി നിലവില്‍ വരുന്നതോടെ ഈ പരിപാടിക്കൊരു അന്ത്യമുണ്ടാകുമെന്നതാണ് തമിഴ് സിനിമയുടെ ഇപ്പോഴത്തെ പ്രത്യാശ.

പേരില്‍ നിന്ന് ലഭിക്കുന്ന പ്രതീക്ഷകളെ അപ്പാടെ തെറ്റിക്കുന്ന ഒരു ആത്മാവുള്ള സിനിമ.രാജ്കിരണ്‍ എന്ന നടന്‍റെ പ്രായത്തെ വെല്ലുന്ന അഭിനയ മികവിനെ പരമാവധി ഊറ്റിയെടുത്ത്‌ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിച്ചതാണ് സംവിധായകന്‍റെ മികവ്.ഇനി സംവിധായകന്‍ ആരെന്നല്ലേ ,സാക്ഷാല്‍ ധനുഷ്,അതെ നമ്മുടെ നടന്‍ ധനുഷ് തന്നെ .തൊട്ടതെല്ലാം പൊന്നാക്കിയ ധനുഷ് സംവിധാനത്തിലേക്ക് കടക്കുന്നു എന്ന വാര്‍ത്ത‍ അത്ര പ്രധാന്യമില്ലതെയാണ് ആദ്യമൊക്കെ സിനിമലോകം കണ്ടത്.ഒരു തട്ട് പൊളിപ്പന്‍ സിനിമയില്‍ കൂടുതലൊന്നും ധനുഷില്‍ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

ധനുഷ് തെരഞ്ഞെടുത്ത ഹീറോ ഒരു സുന്ദരനല്ല ,യുവാവുമല്ല ,തിളങ്ങി നില്‍ക്കുന്ന ഒരു സൂപ്പര്‍ നടനുമല്ല,മറിച്ചു 64 വയസ്സുള്ള ഒരു വൃദ്ധന്‍.ആ വൃദ്ധന്റെ ജീവിതത്തിലൂടെ കഥ എല്ലാ വൈകാരിക തലത്തിലൂടെയും പ്രേക്ഷകരിലെത്തിച്ചതില്‍ ധനുഷ് വിജയിച്ചു.നല്ലൊരു അപ്പൂപ്പനായും,അച്ഛനായും ,ഫൈറ്റ് മാസ്റ്ററായും ,കാമുകനായും ധനുഷിന്റെ ഹീറോ സിനിമയിലുടെ നീളം കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു.

പ്രസന്നയും ചായാ സിങ്ങും അവരുടെ റോള്‍ ഭംഗിയായി ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ വന്ന രേവതി ശെരിക്കും ഒരു അത്ഭുതപ്പെടുത്തി.രാജ് കിരണ്‍ ,രേവതി കാസ്റ്റിംഗില്‍ കൂടുതലൊന്നും വേണ്ട ധനുഷ് എന്ന സംവിധായകന്‍റെ ഭാവിയെ നിര്‍ണ്ണയിക്കാന്‍.

സീല്‍ റോല്ടിന്‍റെ മനോഹരമായ പശ്ചാത്തലസംഗീതം വേല്‍രാജിന്‍റെ ക്യാമറക്കണ്ണിലൂടെയുള്ള ദ്രിശ്യവിരുന്നിലൂടെ നല്‍കുന്ന പൂര്‍ണ്ണതയാണ് മറ്റൊരു സവിശേഷത. ചില പാട്ടുകള്‍ക്ക് വരികള്‍ എഴുതിയതും ,പാടിയതും ധനുഷ് തന്നെയാണ്.എല്ലാ മേഖലയിലും കൈവച്ച ധനുഷ് അഭിനയിച്ചില്ലെങ്കില്‍ പിന്നെ എന്താ ഒരു ത്രില്‍.അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് രണ്ടാം പകുതിയില്‍ നിറം നല്‍കാന്‍ പവര്‍ പാണ്ടിയുടെ ചെറുപ്പകാലം അഭിനിയിച്ചുകൊണ്ട് ധനുഷ് വരുന്നത്. രണ്ടാം പകുതിയിലെ പ്രണയ രംഗങ്ങളിലെ ധനുഷ്-മഡോണ ജോഡി ആരെയും കണ്ണെടുക്കാതെ പിടിച്ചിരുത്തുന്ന ലെവലിലേക്ക് സിനിമയെ കൊണ്ടുപോയി.

കീറിമുറിക്കാന്‍ തരത്തിലൊരു കഥ ഈ സിനിമയ്ക്കുണ്ട് എന്ന് ഞാന്‍ പറയുന്നില്ല .ധനുഷിന്‍റെ പോസ്റ്ററും കണ്ട് ഒരു പക്കാ മാസ്സ് സിനിമ പ്രതീക്ഷിച്ചുപോയാല്‍ തീര്‍ത്തും വിപരീതമാകും ഫലം.മറിച്ചു ധനുഷ് എന്ന നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു സിനിമ നിലയില്‍ എല്ലാവരും തീയേറ്ററില്‍ പോയി കണ്ടു വിജയിപ്പിക്കേണ്ട സിനിമയാണ് പവര്‍ പാണ്ടി.പവര്‍ പാണ്ടി ഒരു സംവിധായകന്‍റെ ആദ്യസിനിമയാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല .ഒരു അടിപൊളി ക്ലൈമാക്സോ,തീ പാറുന്ന ഡയലോഗോ, മാത്രമല്ല തമിഴ് സിനിമ ,മറിച്ചു കാതലുള്ള തിരക്കഥയും ,മികച്ച പ്രതിപാദനവുമുള്ള പരമ്പതാഗത തമിഴ് സിനിമയുടെ വൈകാരിക തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സിനിമകള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവായെങ്കിലും ഈ സിനിമ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

My Rating :3.75/5

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.