പത്മ പുരസ്കാരം – ഉപകാരസ്മരണയുടെ ചരിത്ര നിഷേധം

0

ഇന്ത്യയിൽ പൗരന്മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് പത്മ പുരസ്കാരം . ആദ്യകാല കേന്ദ്ര സർക്കാറുകളുടെ കാലത്ത് രാജ്യം ആദരിക്കേണ്ട വ്യക്തികൾക്ക് തന്നെയാണ് ഈ ബഹുമതി നൽകിയിരുന്നത്. എന്നാൽ പിന്നീട് ഈ ബഹുമതിക്ക് പിന്നാലെയും രാഷ്ടീയ അധികാര ചരടുവലികളും ഇടപെടലുകളും അദൃശ്യമായി സ്വാധീനം ചെലുത്തുന്ന കാഴ്ചക്ക് നമുക്ക് സാക്ഷികളാകേണ്ടി വന്നിട്ടുണ്ട്. പത്മ പുരസ്കാരങ്ങൾക്ക് പിന്നാലെയുള്ള പ്രാഞ്ചിയേട്ടൻമാരുടെ പരക്കംപാച്ചിൽ ഒരു സാധാരണ സംഭവമായി മാറിത്തീരുകയായിരുന്നു.

എന്നാൽ ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളായി അർഹതയുള്ള ചിലർക്കെല്ലാം പത്മ പുരസ്കാരങ്ങൾ ലഭിക്കുന്നത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വടകരയിലെ മീനാക്ഷി ഗുരുക്കളും കോച്ച് ഒ.എം നമ്പ്യാരും ഈ രീതിയിൽ ആദരിക്കപ്പെട്ടവരാണ്. ലക്ഷദ്വീപിലെ അലി മണിക് ഫാനിന് ലഭിച്ച പത്മ പുരസ്കാരവും ഈ പുരസ്കാരത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചിട്ടുണ്ട്. മംഗലാപുരത്തെ തെരുവോരത്ത് നാരങ്ങ വിൽക്കുന്ന ഹജ്ജബ്ബക്ക് പത്മശ്രീ നൽകിയതിലൂടെ രാഷ്ട്രം സ്വയം ആദരിക്കപ്പെടുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഈ പുരസ്കാരത്തിൻ്റെ പൊലിമയും മഹത്വവും ഇന്ന് കങ്കണ റാവത്ത് എന്ന നടിയിലുടെ നഷ്ടപ്പെടുന്ന ദയനീയ കാഴ്ചയ്ക്കാണ് ഭാരതത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളത്.

പത്മശ്രീ ലഭിച്ചാൽ രാഷ്ട്രത്തെയും ചരിത്രത്തെയും പറ്റി എന്ത് അസംബന്ധവും വിളിച്ചു പറയാമെന്നാണ് ഈ മഹതി ധരിച്ചു വെച്ചിട്ടുള്ളത്. നമ്മുടെ ഭാരതത്തിൻ്റെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തെയും ചരിത്രത്തെയും നിഷേധിക്കുന്ന, അപമാനിക്കുന്ന പ്രസ്താവനയാണ് ഈ വനിതാ രത്നത്തിൻ്റെ മൊഴിമുത്തുകളായി പുറത്ത് വന്നിട്ടുള്ളത്. 2014ൽ മാത്രമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് ഈ മഹതി ഉച്ചൈസ്തരം ഉദ്ഘോഷിച്ചിട്ടുള്ളത്. അഭിപ്രായ സ്വതന്ത്ര്യം എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള ലൈസൻസാണെന്ന് ഇവർ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ തനിക്ക് പുരസ്കാരം നൽകിയവരോടുള്ള ഉപകാരസ്മരണ പ്രകടിപ്പിക്കാനുള്ള മാർഗ്ഗമായാണ് ഈ നടി ഈ വഴി തെരഞ്ഞെടുത്തെ തെങ്കിൽ സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അപ്പോഴും ഒരു കാര്യം പറയാതെ വയ്യ.

ഈ നാടിന് ഒരു ചരിത്രവും പാരമ്പര്യവും സ്വന്തമായുണ്ട്. അത് സിനിമയിലെ ശരീര പ്രദർശനമോ ചരിത്ര നിഷേധത്തിൻ്റെ വായാടിത്തമോ അല്ല. ധീരരായ രക്ത സാക്ഷികളുടെ ചരിത്രം അടയാളപ്പെടുത്തിയ മഹദ് വ്യക്തികളുടെ ഉജ്ജ്വലമായ പോരാട്ടത്തിൻ്റെയും ത്യാഗത്തിൻ്റെയും ജ്വലിക്കുന്ന സ്മൃതികൾ തന്നെയാണ്. ചരിത്ര നിഷേധത്തിനും വായാടിത്തത്തിനും ശരീര സൗന്ദര്യ പ്രദർശനത്തിനുമാണ് പുരസ്കാരമെങ്കിൽ പ്രഥമ പരിഗണന നൽകേണ്ടത് ഈ സിനിമാ സുന്ദരിക്ക് തന്നെയാണ്.

ചരിത്ര നിഷേധം നടത്തിയ, രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ അപമാനിച്ച കങ്കണാ റാവത്ത് തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരിച്ചു നൽകി രാഷ്ട്രത്തോട് മാപ്പ് പറയാൻ തയ്യാറാകേണ്ടതുണ്ട്. ഉപകാരസ്മരണ പ്രകടിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടെന്ന് ഈ മഹതിക്ക് മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ?