ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്; സംവിധാനം ആർ. ബാല്‍കി

0

ബോളിവുഡ് സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തില്‍ ദുൽഖർ സൽമാൻ നായകനാകുന്നു. 2021 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചീനി കം, പാ, ഷമിതാബ്, പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാല്‍കി ആണ് സംവിധായകന്‍.

ലോക്ഡൗൺ നാളുകളിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ സിനിമ എന്ന് ബാൽകി പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ തിരക്കഥയും പൂർത്തിയായിക്കഴിഞ്ഞതായി ബാൽകിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പ്രീ-പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ചു. കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യം ദുൽഖർ എന്ന് സംവിധായകനുണ്ടായ ചിന്തയിൽ നിന്നുമാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. 2018ലെ ഇർഫാൻ ഖാൻ ചിത്രം ‘കർവാൻ’ ആണ് ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വർഷം ‘സോയ ഫാക്ടറിൽ’ വേഷമിട്ടു. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.