ഒടുവില്‍ ‘പത്മാവതി’യുടെ തടസ്സങ്ങളൊഴിഞ്ഞു; പേര് മാറ്റി, 26 രംഗങ്ങൾ ഒഴിവാക്കി

1

വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘പത്മാവതി’യുടെ തടസ്സങ്ങളൊഴിഞ്ഞു. സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് ഉപാധികളോടെ അനുമതി നൽകി. എന്നാല്‍ സിനിമയുടെ പേര് ‘പത്മാവത്’ എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങൾ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ നിർമാതാക്കൾക്ക് സമ്മതിക്കേണ്ടി വന്നു.

യു‌/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. സിനിമയ്ക്കു ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും പ്രദർശിപ്പിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള വിവാദ സീനുകൾ കുറയ്ക്കണം. അടുത്തമാസം നടക്കുന്ന ചർച്ചയ്ക്കു ശേഷമേ അന്തിമാനുമതി നൽകൂവെന്ന് സെൻസർ ബോർഡ് അറിയിച്ചു.

സിനിമയിൽ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതാക്കളുടെ പ്രസ്താവനയെത്തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. മുൻ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെട്ട സമിതി ചിത്രം കണ്ടു. സിനിമയുടെ പ്രമേയം പൂർണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിർമാതാക്കൾ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീട് വ്യക്തമാക്കിയ ശേഷമാണ് സമിതി സിനിമ കണ്ടത്.