ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍. പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി വ്യക്തമാക്കി. വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ഇന്ത്യ ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു.

പുൽവാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. റാവൽ പിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി ചികില്‍സയിലാണ് മസൂദ് അസറെന്നാണ് സൂചനകള്‍.

തീവ്രവാദത്തിനെതിരായ ഏതു നീക്കത്തെയും സ്വാഗതം ചെയ്യുമെന്നും മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യമുന്നയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.