പാലായിൽ പുതുചരിത്രമെഴുതി മാണി സി.കാപ്പൻ

0

കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലതിനിനി പുതിയ നായകൻ. 2006-ല്‍ കെ എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടത്തിന് ചത്രവിജയത്തോടെ അവസാനം കുറിച്ചു. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്.54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ വിജയക്കൊടി നാട്ടിയത്. അവസാന നിമിഷം വരെ ലീഡ് നിലനിർത്താനും അദ്ദേഹത്തിനു സാധിച്ചു. ഒൻപത് ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫ് നേടിയപ്പോൾ മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലും മാത്രമായിരുന്നു യുഡിഎഫ് ലീഡ് ലഭിച്ചത്.

കേരള കോണ്‍ഗ്രസിലെ തമ്മിലടിയും മണ്ഡലത്തിലെ ജനങ്ങളുമായുള്ള നീണ്ടകാലത്തെ ബന്ധവും കാപ്പനെ തുണച്ചു. സീറ്റ് നഷ്ടപ്പെട്ടതിന് പല കാരണങ്ങളും യുഡിഎഫും കേരള കോണ്‍ഗ്രസും നിരത്തുന്നുവെങ്കില്‍ പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ കൂട്ടത്തല്ലെന്ന് വ്യക്തം. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വിശാലമായ പിളര്‍പ്പിലേക്ക് തന്നെ നയിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ക്കാവും വരും ദിവസങ്ങളില്‍ ആ പാര്‍ട്ടി സാക്ഷ്യം വഹിക്കുക എന്നുറപ്പ്.