യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കി പാലായില്‍ മാണി സി കാപ്പന്‍റെ പടയോട്ടം

0

കോട്ടയം ∙ ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലെത്തിനിൽക്കുമ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കുതിപ്പ് തുടരുന്നു. യു ഡി എഫിന്റെ പ്രധാന കേന്ദ്രങ്ങളായ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്.

127 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 4163 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്. 177 ബൂത്തുകളാണ് ആകെയുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രാമപുരം,കടനാട് മേലുകാവ്, മൂന്നിലാവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. അതേ സമയം മുത്തോലി പഞ്ചായത്തില്‍ യുഡിഎഫാണ് ലീഡ് നേടിയത്. പാലാ നഗരസഭയിലേയും, മീനച്ചില്‍, കൊഴുവനാല്‍,ഏലിക്കുളം എന്നീ പഞ്ചായത്തുകളിലേയും വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.

ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാർ‌ഥി ജോസ് ടോം ആരോപിച്ചു. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എൻഡിഎ സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എൻ.ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നും രാമപുരം ഫലസൂചനയാണെന്നും മാണി സി.കാപ്പൻ പ്രതികരിച്ചു. എകെ ആന്റണി അടക്കമുള്ള മുന്‍നിര നേതാക്കളെ രംഗത്തിറക്കിക്കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചരണം. എന്നാല്‍ ഇത്തവണ പാലായുടെ ചിത്രം മാറുമെന്ന് എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും പ്രചരണത്തിന്റെ തുടക്കം മുതലേ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.