പാറമേക്കാവ് പത്മനാഭൻ ചെരിഞ്ഞു

0

തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന പാറമേക്കാവ് പത്മനാഭൻ ചെരിഞ്ഞു. 58 വയസായിരുന്നു. പാറമേക്കാവിൻ്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. ശരീര തളർച്ചയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കാലിൽ നീർക്കെട്ടിനെ തുടർന്ന് കടുത്ത വേദന അനുഭവിക്കുകയായിരുന്നു പാറമേക്കാവ് പത്മനാഭൻ.

കഴിഞ്ഞ ആഴ്ച നടക്കുന്നതിനിടെ ആന കുഴഞ്ഞുവീണു. ക്രെയിൻ ഉപയോഗിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു. പാറമേക്കാവിൻ്റെ കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് തിടമ്പേറ്റുന്ന കൊമ്പനാണ് പാറമേക്കാവ് പത്മനാഭൻ. നിലവിൽ വിയ്യൂരിനടുത്തുള്ള പാറമേക്കാവ് ദേവസ്വത്തിൻ്റെ ആനപ്പറമ്പിലാണ് പത്മനാഭൻ്റെ മൃതദേഹമുള്ളത്. നിരവധി ആനപ്രേമികളാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പാറമേക്കാവ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്മാർട്ടം നടപടികളൊക്കെ ഇനി നടക്കേണ്ടതുണ്ട്.