പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

    0

    തൃശ്ശൂർ: പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ചരിഞ്ഞത്. 1950 കാലഘട്ടങ്ങളിൽ പ്രമുഖ ഇല്ലങ്ങളിലും, നായർ തറവാടു കളിലും മാത്രം സ്വകാര്യ ആനകൾ സ്വന്തമായി ഉണ്ടായിരുന്ന കാലത്ത് , തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ക്ഷേത്രങ്ങളിൽ പ്രമുഖ ക്ഷേത്രമായ പാറമേക്കാവിൽ ഭഗവതിക്ക് ആദ്യമായി നടക്കിരുത്തിയ ആനയാണ് രാജേന്ദ്രൻ.

    ഗോവിന്ദൻ നായർ, ശങ്കരൻ നായർ, കൃഷ്ണന്‍കുട്ടി നായർ, കൊച്ചനിയൻ, രാധാകൃഷ്ണൻ, കുട്ടൻ, മണി തുടങ്ങിയ പ്രഗത്ഭരായ ആനക്കാരുടെ ശിക്ഷണത്തിൽ വളർന്ന് കഴിഞ്ഞ 12 വർഷമായി നിലമ്പൂർ സ്വദേശി വേലായുധൻ നായരിൽ (മാനു) അവൻ വഴിനടന്നു വരുന്നു. 1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളിൽ ഒന്നാണ് രാജേന്ദ്രൻ. നാളിതുവരെ ലോറിയിൽ കയറാത്തതാവാം 76 വയസ്സിൽ എത്തിനിൽകുന്ന അവൻ്റെ ആരോഗ്യ രഹസ്യം. ആന ചികിത്സകരിൽ പ്രധാനിയായിരുന്ന ഡോ.പ്രഭാകരനെ കേച്ചേരിയിൽ വെച്ച് മയക്കുവെടിയേറ്റപ്പോൾ പിൻതിരിഞ്ഞ് ആക്രമിച്ചു കൊലപ്പെടുത്തിയതൊഴികെ മറ്റു ഗുരുതരമായ വീഴ്ചകളൊന്നും ആനയിൽ നിന്നും ഉണ്ടായിട്ടില്ലാത്തതാണ്.

    1955 ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട് പരമേശ്വരൻ നമ്പൂതിരിയാണ് ഭക്തരിൽ നിന്ന് പിരിച്ചെടുത്ത 4800 രൂപ കൊണ്ട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ പുലാചേരി മനയിൽ നിന്നും ആനയെ വാങ്ങിയത്. ‘ഭക്തരുടെ ആന’ എന്ന വിശേഷണമുള്ള ആനയാണ് പാറമേക്കാവ് രാജേന്ദ്രൻ.

    വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന്‍. 1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിന് പങ്കെടുത്തത്. തൃശ്ശൂർ ന​ഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ രാജേന്ദ്രൻ തിടമ്പേറ്റിയിട്ടുണ്ട്. 1982 ൽ ഏഷ്യാഡിൽ പങ്കെടുത്ത അപൂർവ്വം ചില ആനകളിലൊന്ന് എന്ന് പ്രത്യേകതയും രാജേന്ദ്രനുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നത്.