ആ നില്‍പ്പ് കണ്ടാലറിയാം സിനിമയിലേക്കുള്ള സൗബിന്‍റെ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നുവെന്ന്; സൗബിൻ ഷാഹിറിനെ കുറിച്ചു ആഷിക് അബു തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറല്‍

0

സൗബിൻ ഷാഹിറിനെ നമ്മള്‍ അറിഞ്ഞു തുടങ്ങിയിട്ട് അധികനാളായില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ നിന്നും കഴിവുറ്റൊരു സംവിധായകന്‍ എന്ന നിലയിലേക്ക് സൗബിന്‍ വളര്‍ന്ന കാഴ്ച ഇന്നലെയാണ് സിനിമാസ്നേഹികള്‍ കണ്ടത്. സൗബിന്‍ സൗഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ വന്‍വിജയത്തിലേക്ക് പറക്കുകയാണ്. ഒരു നല്ല നടനും അതിലും നല്ലൊരു സംവിധായകനുമാണ് സൗബിന്‍ എന്നാണ് പറവ കണ്ടവരൊക്കെ പറയുന്നത്.

ദീര്‍ഘകാലം പ്രമുഖരായ സംവിധായകരുടെയെല്ലാം കൂടെ ജോലി ചെയ്ത സൗബിന്‍ പിന്നീട് സൗഹൃദത്തിന്റെ പുറത്താണ് സിനിമയില്‍ മുഖം കാണിക്കാന്‍ എത്തുന്നത്. എന്നാല്‍ പിന്നീട് ഒട്ടുമിക്ക നല്ല സിനിമകളുടെയും ഭാഗമാകാന്‍ അദേഹത്തിന് കഴിഞ്ഞു. പറവയുടെ വിജയത്തില്‍ സൗബിനെക്കാള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്.

സൗബിൻ ഷാഹിറിന്‍റെ ഇന്നത്തെ വിജയത്തിന് പിന്നിൽ ഒരു വലിയ കഷ്ടപ്പാടിന്‍റെ കഥയുണ്ട്. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആരംഭിച്ച കരിയർ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് വിജയം കണ്ടത്. ദുൽഖറിനെ നായകനാക്കി സൗബിൻ സംവിധാനം ചെയ്ത പറവയ്ക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ സംവിധായകൻ ആഷിക് അബു സൗബിനെ പുകഴ്ത്തി കൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരിക്കുകയാണ്.  മമ്മൂട്ടിയുടെ ബിഗ് ബി ചിത്രീകരണത്തിനിടെ എടുത്തൊരു ചിത്രവും ആഷിക് ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

”ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധത പുലർത്തുന്നവരാണ് കൊച്ചിക്കാർ, അവരലിലൊരാളാണ് സൗബിൻ ഷാഹിർ. അതുപോലെ ഒന്നാണ് പറവയും” എന്നാണ് ആഷിക് അബു തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്. ഈ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കൃത്രിമ മഴ പെയ്യിക്കുന്നതിനായി പൈപ്പും പിടിച്ച് നിൽക്കുന്ന സൗബിനെ കണ്ടാലറിയാം സിനിമയിലേക്കുള്ള സൗബിന്‍റെ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നുവെന്ന്. സിനിമയിൽ അറിയപ്പെടുന്ന ഒരു നടനാകാൻ സൗബിൻ വലിയ കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. വളരെ കുറച്ച് സിനിമകളെ ഈ ചുരുങ്ങിയ കാലയളവിൽ ചെയ്തിട്ടുള്ളൂ. എന്നാൽ സൗബിനിലെ കലാകാരനെ തിരിച്ചറിയാൻ ആ സിനിമകളിലെ പ്രകടനങ്ങൾ തന്നെ ധാരാളമായിരുന്നു.കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു സൗബിൻ പ്രേക്ഷകരുടെ ഹൃദയം കവർന്നത്. പ്രേമത്തിലെയും മഹേഷിന്‍റെ പ്രതികാരത്തിലെയും സൗബിന്‍റെ മികച്ച പ്രകടനങ്ങൾ തിയേറ്ററുകളിൽ കൈയടി നേടിയവയായിരുന്നു. സഹസംവിധായകനായി സിനിമയിലെത്തിയ സൗബിൻ അഭിനയത്തിൽ ഒരു കൈനോക്കി ഒടുവിൽ ഇതാ സംവിധാന രംഗത്തേക്ക് കൂടി ഒരു കാൽവെപ്പ് നടത്തിയിരിക്കുകയാണ്.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.