പൊറോട്ടയും ബീഫും കഴിക്കേണ്ടതിന്റെ ആവശ്യം… മുരളി തുമ്മാരുകുടി

1
ഫോട്ടോ: അജിത് ഇടശ്ശേരി

ആദ്യം ഒരു നല്ല കാര്യം പറയാം. മലയാളികളുടെ ശരാശരി ആയുർദൈർഘ്യം കൂടുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അറുപത് വയസ്സ് കടക്കുന്നവർ അത്ര സാധാരണമല്ലായിരുന്നു. അതുകൊണ്ട് തന്നെ അറുപതാം പിറന്നാൾ (ഷഷ്ടി പൂർത്തി) വലിയ ആഘോഷമായിരുന്നു. ഇപ്പോഴാകട്ടെ, അറുപതാം വയസ്സും യുവത്വമാണ്, ഹെയർ ഡൈ ഒക്കെ വന്നതിനാൽ എഴുപതു കഴിഞ്ഞവർ പോലും ചുള്ളന്മാരായിട്ടാണ് നടക്കുന്നത്. 1940 – കളിൽ ജനിച്ചവരിൽ അമ്പതു കഴിഞ്ഞവർ ഭൂരിഭാഗവും എൺപതും കടക്കുന്നുണ്ട്. അപ്പോൾ അറുപതുകളിൽ ജനിച്ച എന്റെ തലമുറയിൽ ഇപ്പോഴുള്ളവർ ഭൂരിഭാഗവും, സ്ത്രീകൾ പ്രത്യേകിച്ചും തൊണ്ണൂറു കടക്കും, സംശയം വേണ്ട !
രണ്ടാമത്തെ നല്ല കാര്യം പറയാം. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ വമ്പൻ സ്വകാര്യ ആശുപത്രികളുണ്ട്. എറണാകുളം ജില്ലയിൽ തന്നെ പണ്ടുള്ള വമ്പന്മാർ പോരാഞ്ഞിട്ട് ആസ്റ്റർ മെഡിസിറ്റി, രാജഗിരി മെഡിക്കൽ കോളേജ് എന്നിങ്ങനെ പുതിയ സ്ഥാപനങ്ങൾ ഏറെ വന്നു. ഇപ്പോൾ അവക്കൊക്കെ മുട്ടിന് മുട്ടിന് പരസ്യവുമുണ്ട്. പ്രിവന്റീവ് ചെക്ക് അപ്പ് മുതൽ ആക്സിഡന്റ് എമർജൻസി വരെ, മുട്ടിന്റെ ചിരട്ട മുതൽ കിഡ്നി വരെ അവർ മാറ്റി വച്ച് തരും. വൈദ്യശാസ്ത്രത്തിലെ പുരോഗതി ഇക്കണക്കിനു പോയാൽ ബയോണിക് കണ്ണും ഹൃദയവും ഒക്കെ വച്ച് മനുഷ്യനെ നൂറ്റി ഇരുപതും കടത്താം എന്ന് വിദഗ്ദ്ധന്മാർ പറയുന്നു.
ഇനി അല്പം വിഷമിപ്പിക്കുന്ന കാര്യം പറയാം. കേരളത്തിൽ അറുപത് വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യസുരക്ഷാ സംവിധാനങ്ങളൊന്നും അധികമില്ല. പരിപൂർണ്ണമായ ഇൻഷുറൻസ് ഒരു പ്രായക്കാർക്കും തന്നെയില്ല. എന്തെങ്കിലും ജോലിയുള്ളവർക്ക് പിരിഞ്ഞു പോരുന്ന കാലത്ത് എംപ്ലോയറിൽ നിന്നും കുറെയെങ്കിലും പണമൊക്കെ കിട്ടും. അത് കഴിഞ്ഞാൽ പിന്നെ അതുമില്ല. അപ്പോൾ എന്റെ തലമുറയിലുള്ളവർ ഒരു മുപ്പത് വർഷത്തേക്കെങ്കിലുമുള്ള ആശുപത്രി ചിലവൊക്കെ മുന്നിൽ കാണണം. തൽക്കാലത്തെ നില അനുസരിച്ച് അപ്പർ മിഡിൽ ക്ലാസിനു പോലും ഇത് സാധ്യമല്ല, പിന്നെയല്ലേ ശരാശരിക്കാർക്കും അതിനു താഴെയുള്ളവർക്കും. “ഈ കാർന്നോരെ കെട്ടിയെടുക്കിന്നില്ലല്ലോ” എന്ന് മക്കളുടെ പ്രാക്ക് കിട്ടാനാണ് സാധ്യത. അത് കുറെ നാൾ ക്ലിയറായി കേൾക്കേണ്ടിയും വരും ! (അത്ര നല്ല ബയോണിക് ചെവിയല്ലേ ഫിറ്റ് ചെയ്തിരിക്കുന്നത് !)
ഇതിൽ നിന്ന് രക്ഷപെടാൻ രണ്ടു മാർഗ്ഗങ്ങളേ ഒറ്റ നോട്ടത്തിൽ കാണുന്നുള്ളു.
1. ഒരു എം എൽ എ യോ പി എസ് സി മെംബറോ ഒക്കെ ആകാൻ ശ്രമിക്കുക. അവർക്ക് ആജീവനാന്ത മെഡിക്കൽ കവർ ഉണ്ടെന്ന് പറഞ്ഞുകേട്ടു. അഞ്ചു വർഷത്തിൽ ഇരുന്നൂറു പേർക്കേ ഇതുകൊണ്ട് കാര്യം നടക്കൂ. എം എൽ എ ആവാൻ പറ്റിയില്ലെങ്കിൽ പി എസ് സി മെംബർ എങ്കിലും ആകാൻ ശ്രമിക്കാം എന്നതാണ് എന്റെയൊരു പ്ലാൻ !
2. കേരളത്തിലെ സർക്കാർ സംവിധാനത്തെ ശക്തിപ്പെടുത്തി, അവരെയും സ്വകാര്യ സംവിധാനങ്ങളെയും ബന്ധിപ്പിച്ച്, എല്ലാവർക്കും സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് സ്‌കീം ഉണ്ടാക്കാൻ ശ്രമിക്കുക. ഇതത്ര എളുപ്പമല്ല, കാരണം നിയമമുണ്ടാക്കേണ്ടവർക്ക് ഇപ്പോഴേ ഇൻഷുറൻസ് പരിരക്ഷയുണ്ട്.
മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയൊക്കെ ഉപേക്ഷിച്ച് നല്ല പൊറോട്ടയും ബീഫും ഒക്കെ സ്ഥിരമായി കഴിക്കുക. ഇതൊക്കെ ഹാനികരമാണെന്നൊക്കെ ഡോക്ടർമാർ പറയും. പക്ഷെ നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണം സ്വാദുള്ള ഭക്ഷണത്തിനു കൊടുക്കണോ, അതോ പച്ചക്കറിയൊക്കെ കഴിച്ച് എൺപതാം വയസ്സിൽ മുട്ട് മാറ്റിവക്കാൻ കൊടുക്കണോ എന്ന് നമ്മൾ തന്നെ തീരുമാനിക്കുക !
റിട്ടയറായി നാട്ടിൽ വരുമ്പോൾ എം എൽ എ യോ, പി എസ് സി മെംബറോ ആക്കിയില്ലെങ്കിൽ ഞാൻ എന്നും പൊറോട്ടയും ബീഫും കഴിക്കും. സത്യം !.