സൂക്ഷിക്കുക – നിങ്ങൾ നിരീക്ഷണത്തിലാണ് !

0

ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അസ്വസ്ഥജനകങ്ങളാണ്. അവ വിശ്വാസരാഹിത്യത്തിൻ്റെ നഗ്നമായ വെളിപ്പെടുത്തലുകൾ കൂടിയാണ്. ആരെയും ആർക്കും വിശ്വാസമില്ലെന്ന വലിയ സത്യം. ഭരണ സിരാ കേന്ദ്രങ്ങൾ ഒളിഞ്ഞുനോട്ടത്തിൻ്റെ, ചാരപ്രവർത്തനങ്ങളുടെ കേന്ദ്രമായിത്തീരുക എന്നത് ലജ്ജാകരമായ അവസ്ഥാവിശേഷം തന്നെയാണ്. അത് വിരൽ ചൂണ്ടുന്നത് സുരക്ഷാ വീഴ്ചകളിലേക്ക് തന്നെയാണ്. ഇന്ന് ചാരക്കണ്ണുകൾ ഒളിഞ്ഞു നോക്കുന്നത് ആരെയെല്ലാമാണെന്നും എവിടേയ്ക്കെല്ലാമാണെന്നും നിശ്ചയമില്ലാത്ത അവസ്ഥ.

ഇസ്രായേൽ നിർമ്മിതമായ പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത്തരം ചാരപ്രവർത്തനങ്ങൾ, വിവര ചോർച്ചകൾ സാദ്ധ്യമാക്കുന്നതെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മോട് വിളിച്ചു പറയുന്നത്. രണ്ട് കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും നാൽപ്പതിലധികം മാധ്യമ പ്രവർത്തകരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നാണ് ഇതിനകം പുറത്തു വന്നിട്ടുള്ള വിവരങ്ങൾ. ഇത് തികച്ചും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഈ സംഭവങ്ങളെ കാണാൻ കഴിയുകയുള്ളൂ.

ഒരു ഭരണകൂടത്തിനുണ്ടാകേണ്ട പ്രഥമവും പ്രധാനവുമായ ഘടകമാണ് വിശ്വാസ്യത ‘ വിവരം ചോർത്തലിലൂടെ നമ്മുടെ ഭരണ സംവിധാനത്തിന് നഷ്ടമാകുന്നത് ഈ വിശ്വാസ്യതയാണെന്ന കാര്യത്തിൽ തർക്കമില്ല. ഇവിടെ തകർന്ന് വീഴുന്നത് ജനാധിപത്യ മൂല്യങ്ങളും പരസ്പര വിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യം എന്ന സങ്കൽപവും കൂടിയാണ്. ഒരു സ്വകാര്യ സ്വത്തിൻ്റെ ഉടമയല്ല ഭരണാധികാരി എന്ന് ഓർമ്മപ്പെടുത്തേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്.

സ്വകാര്യ സ്വത്തിൻ്റെ ഉടമയ്ക്ക് തൻ്റെ അധീനതയിലുള്ള സ്ഥലത്ത് മുന്നറിയിപ്പായി “നിങ്ങൾ സി.സി.ടി.വിയുടെ നിരീക്ഷണത്തിലാണ്, സൂക്ഷിക്കുക ” എന്ന വലിയ ബോർഡ് വെക്കുന്നതിൽ അനൗചിത്യമൊന്നുമില്ല. എന്നാൽ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒളി പ്രവർത്തനം ഒട്ടും അഭികാമ്യമല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു ‘ കാരണം ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശില തന്നെ സുതാര്യതയാണ്, വിശ്വാസ്യതയാണ്. നമ്മെ ഭരിക്കുന്നവർ പരസ്പര വിശ്വാസമില്ലാത്തവരാണെന്നറിയുന്നത് നമുക്ക് നാണക്കേടുണ്ടാക്കുന്ന വസ്തുതയാണ്.