വെറും മാസ്സല്ല പേട്ട….കൊലമാസ്സ്

1

പടയപ്പയിലും ബാഷയിലും കണ്ട് കോരിത്തരിച്ച അതെ സ്‌റ്റൈല്‍ മന്നന്‍. തീപ്പൊരി ഡയലോഗുകൾ, മരണ മാസ്സ് ചുവടുകൾ, മടുപ്പുതോന്നാത്ത ഭാവപ്പകർച്ചകൾ അങ്ങനെ ഒരു പക്കാ രജനി ചിത്രം അതാണ് കാർത്തിക് സുബ്ബരാജിന്‍റെ പേട്ട. രണ്ടര മണിക്കൂറിലധികം നീളുന്ന ആരാധകരെ ആവേശം കൊള്ളിക്കുന്ന തലൈവർ ചിത്രം.


ഒരു കോളേജ് ഹോസ്റ്റലിൽ നടക്കുന്ന സംഘർഷത്തിൽ ആരംഭിക്കുന്ന ചിത്രം ഒരു ഫ്ലാഷ് ബാക്ക് യാത്രയാണ്. തമിഴ്നാട്ടിലെ ഒരു കോളേജിൽ മന്ത്രിയുടെ ശുപാർശ കത്തുമായി വാർഡന്‍റെ ഒഴിവിലേക്ക് എത്തുകയാണ് കാളി (രജനികാന്ത് )റാഗിങും ഗുണ്ടാ ഭരണവും നിറഞ്ഞ ഹോസ്റ്ററിലിനെ ഒറ്റദിവസം തന്നെ കാളി നേരെയാക്കുന്നു. വിദ്യാർത്ഥികളുടെ പ്രിയങ്കരനായി മാറുന്ന കാളി( രജനികാന്ത്) നെഗറ്റീവ് സ്വഭാവമുള്ള വിദ്യാർത്ഥികളുടെ കരടായി മാറുന്നു. കോളേജിലെ കുട്ടികളോടൊത്തുള്ള പാട്ടും, നൃത്തരംഗങ്ങളും, പ്രണയാവുമൊക്കെയായി ചിത്രത്തിന്‍റെ ആദ്യ പകുതി ആവേശകരമായി കടന്നുപോകുന്നു.

സിനിമ ഇടവേളയോട് അടുക്കുമ്പോള്‍ ട്രാക്ക് മാറുകയാണ്. പിന്നീട് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റിലേക്ക് സിനിമ കടന്നുചെല്ലുന്നു. പിന്നീട് നായകന്റെ ഭൂതകാലത്തെ കുറിച്ചുള്ള ആകാംഷയാണ്. പിന്നെ കഥ പേട്ടയുടേതാണ്. പേട്ട എങ്ങനെ കാളിയെന്ന ഹോസ്റ്റൽ വാർഡനായെന്ന് രണ്ടാം പകുതിയിൽ. 20 വർഷങ്ങൾക്ക് മുമ്പുള്ള പേട്ട വേലന്റെ കഥ. വിജയ് സേതുപതി, ശശികുമാർ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർ കൂടിയെത്തുന്ന രണ്ടാം പകുതിയിൽ ചിത്രത്തിൽ ഇവരെല്ലാം അനായാസ അഭിനയമികവ് കാഴ്ചവെക്കുന്നു. പേട്ടയുടെ ഭാര്യ സരോ ആയി തൃഷ, മംഗളം എന്ന കഥാപാത്രമായി സിമ്രാൻ എത്തിയെങ്കിലും ഇവരുടെ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ചെറിയ വേഷങ്ങളിലായി എത്തിയ വിജയ് സേതുപതിയും ശശികുമാറും വില്ലനായെത്തിയ നവാസുദ്ദീൻ ഇവരെല്ലാം ചേർന്ന് ചിത്രത്തെ ഗംഭീരമാക്കി.


ആളവന്താൻ, ക്രിഷ് 3, ഭൂൽ ഭുലയ്യ, കീർത്തി ചക്ര തുടങ്ങിയ ഒട്ടനവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയ തിരുവാണ് പേട്ടയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ സംഗീതവും പശ്ചാത്തല സംഗീതവും അനിരുദ്ധ് രവിചന്ദ്രന്‍റേതാണ്. മാസ്.. മരണം… മാസ്… എന്ന ഗാനമടക്കം നാല് മാസ് ഗാനങ്ങളേക്കാളേറെ കാണികളെ പിടിച്ചുകുലുക്കിയത് രണ്ടാം പകുതിയിലെ പ്രതികാരത്തിന്‍റെ തീനാമ്പുകളുള്ള പശ്ചാത്തല സംഗീതമാണ്. പീറ്റർ ഹെയ്‌നിന്‍റെ സംഘട്ടനരംഗങ്ങൾ ആദ്യ പകുതിയിൽ ഗംഭീരമായി.


രണ്ടാം പകുതിയിൽ ചിത്രത്തിനൊരല്പം ഇഴച്ചിൽ കൂടിയത് ചെറുതായി ആസ്വാദനത്തെ ബാധിക്കുമെങ്കിലും കാലിക പ്രസക്തിയുള്ള ഒട്ടനവധി വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. ഗോവധ കലാപം, ജാതി വെറിയും പ്രണയ കൊലപാതകങ്ങളും, ചിത്രത്തിലൂടെ വിമർശനാത്മകമായി പ്രതിപാദിക്കുന്നുണ്ട്. സിനിമയുടെ ഒരു പ്രധാന നേട്ടമെന്നത് വര്‍ഷങ്ങള്‍ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ചുറുചുറുക്കോടെ അവതരിപ്പിക്കാൻ സംവിധായകൻ കാർത്തിക് സുബ്ബരാജിനു കഴിഞ്ഞു എന്നതാണ്. കഥാപരമായി പുതുമയൊന്നുമില്ലെങ്കിലും കബാലി, കാല, എന്നീ ചിത്രത്തിൽ പ്രേക്ഷകർ കണ്ട സൂപ്പർ സ്റ്റാർ രജനിയല്ല പേട്ട വേലൻ. ആസ്വാദകർ കാണാൻ കൊതിച്ച ചുറുചുറുക്കുള്ള പഴയ സ്റ്റൈൽ മന്നൻ തന്നെയാണ്.