ആപ്പ് വഴി ഫോൺ റീച്ചാർജ് ചെയ്തു; 14,400 രൂപ നഷ്ടമായി

0

കോഴിക്കോട്: മൊബൈല്‍ ആപ്പ് വഴി ഫോണില്‍ റിച്ചാര്‍ജ് ചെയ്ത കോഴിക്കോട് സ്വദേശിക്ക് 14,400 രൂപ നഷ്ടമായതായി പരാതി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്ത് സ്വദേശിയായ പി.ഷിബുവാണ് പണം നഷ്ടമായതായി പരാതിയുമായി എത്തിയത്.

ജൂൺ മൂന്നിനായിരുന്നു സംഭവം. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തശേഷം ജൂൺ 16 മുതൽ ജൂലായ്‌ ഒന്നുവരെയുള്ള വിവിധ തീയതികളിൽ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപയുടെ ഇടപാട് നടന്നതായാണ് ബാങ്കിൽനിന്ന് അറിയിപ്പുണ്ടായത്.

മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നൽകിയപ്പോൾ മതിയായ നിക്ഷേപമില്ലെന്ന കാരണത്താൽ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോൾമാത്രമാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്.

അതേസമയം സംഭവത്തില്‍ കേസ് എടുക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് പറയുന്നത്. ഒ.ടി.പി.പറഞ്ഞുകൊടുത്തോ രണ്ടാമതൊരാള്‍ എ.ടി.എം.കാര്‍ഡിലെ പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയോ ചെയ്യാത്തതിനാലാണ് കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാത്തത്.

അതേസമയം വിവിധ സ്റ്റേഷനുകളിലായി ഇത്തരത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.