മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി, ഇന്ന് രാജിക്കത്ത് നല്‍കും

0

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി. അദ്ദേഹത്തിന് ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജ, എംവി ജയരാജൻ, എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളും തിരുവനന്തപുരത്തെത്തിച്ചേർന്നിട്ടുണ്ട്. പന്ത്രണ്ട് മണിയോടെ രാജ് ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്.

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കും. വിജയികളെ വിജ്ഞാപനംചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍.ഡി.എഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.

പുതിയ മന്ത്രിസഭയിൽ മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, രാധാകൃഷ്ണൻ എന്നിവരടക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിന് നേതാക്കളാരും തയ്യാറായിട്ടില്ല.

നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും. പുതിയ മന്ത്രിസഭയിൽ മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, രാധാകൃഷ്ണൻ എന്നിവരടക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിന് നേതാക്കളാരും തയ്യാറായിട്ടില്ല.