ദുരന്തമുഖത്ത് തെളിയുന്നത് മാനവികതയുടെ വെളിച്ചം

0

കഴിഞ്ഞ ദിവസം കരിപ്പൂരിൽ വിമാന അപകടം ഉണ്ടായപ്പോൾ കോരിച്ചൊരിയുന്ന മഴയോ, മരണഭീതി പരത്തുന്ന കോവിഡിനെയോ വകവെക്കാതെ രക്ഷാ പ്രവർത്തനങ്ങൾ സ്വന്തം കർത്തവ്യമായി ഏറ്റെടുത്തത് അവിടത്തെ നാട്ടുകാരാണ്.. ഒരു പക്ഷേ, ഔദ്യോഗിക സംവിധാനങ്ങൾ ഇരുട്ടിൽ തപ്പുമ്പോൾ കയ്യും മെയ്യും മറന്നു രക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയ നാട്ടുകാരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു’.

മരണസംഖ്യയുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം നിഷ്കളങ്കരായ ഈ മനഷ്യരുടെ സമയോചിതമായ ഇടപെടൽ തന്നെയായിരുന്നു’. കോവിഡ് പകർച്ചയുടെ ഭീഷണിയുടെ മുൾമുനയിൽ അതെല്ലാം തൃണവൽഗണിച്ചായിരുന്നു സമീപവാസികൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരുന്നത്. അപകടം പറ്റിയവരെയും വഹിച്ചുകൊണ്ട് ചീറിപാഞ്ഞുവരുന്ന ആംബുലൻസുകൾക്ക് കോരിച്ചൊരിയുന്ന മഴയിലും വഴിയൊരുക്കിയത് നാട്ടുകാരാണ്.

അപകട സ്ഥലങ്ങളിൽ പലപ്പോഴും സംഭവിക്കുന്ന കളവോ കൊള്ളയോ കരിപ്പുരിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് ഗ്രാമീണരായ നാട്ടുകാരുടെ നന്മ തന്നെയാണ് വെളിപ്പെടുത്തുന്നത്‌. ഇതിനേക്കാൾ ഉപരി എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട് ഒരപകടം സംഭവിച്ചിടത് ആളുകളെ രക്ഷിക്കാതെ സെൽഫിഎടുക്കാനും ക്യാമറക്കണ്ണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും തിരക്കിടുന്ന ഈ കാലത്ത് ഇവിടത്തെ നാട്ടുകാർ ഫോണുകള്‍ ഓഫ് ചെയ്ത് അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഒറ്റകെട്ടായി നിന്ന് ആളുകള്‍ സ്വയം അനുസരിച്ച് രക്ഷാപ്രവർത്തനത്തിന് മറ്റൊരു മാതൃക തന്നെ തീര്‍ത്തു. അങ്ങനെ ഒറ്റകെട്ടായി നിന്ന് അപകടത്തിൽ പെട്ട എല്ലാവരെയും പുറത്തെടുത്ത് രാത്രി പതിനൊന്ന് മണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപിച്ച് ആ ചരിത്രദൗത്യത്തിന്റെ ഭാഗമായവര്‍ ഓരോരുത്തരായി പുറത്തേക്കിറങ്ങി വന്നു.

ജാതിയോ, മതമോ, വർണ്ണമോ, ഭാഷയോ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായില്ല എന്നത് സന്തോഷകരമായ വസ്തുത തന്നെയാണ്. പലപ്പോഴും ചെയ്യാത്ത കാര്യങ്ങളിൽ പോലും അനാവശ്യമായി വർഗ്ഗീയത ആരോപിക്കപ്പെടുന്ന, കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജില്ലയിലെ നിഷ്കളങ്കരായ, മനുഷ്യസ്നേഹികളായ ഈ ഗ്രാമീണരുടെ നിസ്വാർത്ഥമായ സേവനത്തെയും, ത്യാഗത്തെയും കാണാനും അംഗീകരിക്കാനും ഇനിയും വൈമനസ്യം കാണിക്കുന്നവരുണ്ടെങ്കിൽ അതിന് ഏതെങ്കിലും തരത്തിലുള്ള, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത അന്ധത തന്നെയാണ് കാരണമെന്ന് നിസ്സംശയം പറയാം.

വിഷമഘട്ടത്തിലും വേദനിക്കുന്ന അവസരത്തിലും പ്രകടിപ്പിക്കപ്പെടുന്ന ആർജ്ജവമുള്ള അലിവ് തന്നെയാണ് മാനവികത എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കരിപ്പൂരിലെ നിസ്വാർത്ഥ സേവകർക്ക് അഭിനന്ദനങ്ങൾ……