അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

0

അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര,​ നാവിക,​ വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ,​ ആശങ്കകൾ,​ മാറ്റങ്ങൾ എന്നിവ ച‌ർച്ചയാകുമെന്നാണ് സൂചന.

അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിക്കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരുന്നു. ചില തീരുമാനങ്ങൾ ഇപ്പോൾ ആദ്യം അന്യായമായി തോന്നാമെങ്കിലും അത് ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണംചെയ്യും. ‘ഇപ്പോൾ അന്യായമായി തോന്നുന്ന തീരുമാനങ്ങൾ, ആ തീരുമാനങ്ങൾ രാഷ്‌ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ബംഗളൂുരുവിലെ പൊതുപരിപാടിയിൽ അഗ്നിപഥ് പദ്ധതിയുടെ പേര് പരാമർശിക്കാതെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാല്- അഞ്ച് വർഷം 50,000–60,000 പേർക്കുമായിരിക്കും പദ്ധതിയിൽ നിയമനം. പിന്നീട് ഇത് 90,000– 1.25 ലക്ഷമായി വർദ്ധിക്കും.അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയിൽ സേനകളുടെ അംഗബലം കുറയും. നിലവിൽ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടം ഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഇക്കാര്യങ്ങളും ചർച്ചയിൽ പ്രധാന വിഷയമാകും.

അഗ്നിപഥ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും ആദ്യഘട്ട റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഇന്ത്യൻ കരസേന പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ റിക്രൂട്ട്‌മെന്റ് റാലികൾക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്നും കരസേന അറിയിച്ചു.

അതേസമയം റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.

പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നല്കുമെന്നും അനില്‍ പുരി അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഇവ പ്രധാന വിഷയമായി ഉണ്ടാകും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്നിവീര്‍ ആദ്യ ബാച്ചിന് നിശ്ചിത ഉയര്‍ന്ന പ്രായപരിധിക്കപ്പുറം 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എല്ലാ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ സിവിലിയന്‍ പോസ്റ്റുകളിലും അഗ്നിവീറിന് 10 ശതമാനം ക്വാട്ട പ്രഖ്യാപിച്ചിട്ടുണ്ട്. വിമുക്തഭടന്മാര്‍ക്കുള്ള നിലവിലെ സംവരണത്തിന് പുറമേയാണിത്.