നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0

75-ാം സ്വാതന്ത്ര്യദിനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഗതിശക്തി’ പദ്ധതിയുടെ ലക്ഷ്യം ആധുനിക അടിസ്ഥാന സൗകര്യ വികസനമെന്ന് പ്രധാനമന്ത്രി.

സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും, ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസന പദ്ധതികൾ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ളവർക്ക് ബാങ്കിംഗ് സൗകര്യം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷൻ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കൊവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു.

കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4.5 കോടി കുടുംബങ്ങൾക്ക് 2 വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിൽ ഒ.ബി.സി. സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒ.ബി.സി. ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ്. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ചെറുകിട കർഷകരാണ് അധികവും. ഈ കർഷകരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെറുകിട കർഷകർക്കായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഒരുക്കി. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിക്കുമെന്നും കാർഷിക മേഖലയിലെ പരിഷ്കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.