മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍; പ്രതികള്‍ മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ

0

തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് ഒരു സംഘം പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചതായി റിപ്പോര്‍ട്ട്. സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും.

കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

ബുധനാഴ്ച രാത്രിയാണ് സംഘം പുള്ളിപ്പുലിയെ കുടുക്ക് വച്ച് പിടിച്ചത്. ഇരുമ്പു കേബിൾ കൊണ്ടുണ്ടാക്കിയ കുരുക്കിൽ പുള്ളിപ്പുലി വീണു. അതിന് ശേഷം പുഴയുടെ സമീപം വച്ച് തൊലിയുരിച്ച് ഇറച്ചി വൃത്തിയാക്കി എടുത്തു. ആറ് വയസ്സുള്ള പുള്ളിപ്പുലിക്ക് നാൽപ്പത് കിലോയോളം തൂക്കം ഉണ്ടായിരുന്നു. ഇതിൽ പത്തുകിലോയോളം ഇറച്ചിയെടുത്താണ് അഞ്ചംഗ സംഘം കറിവച്ചത്. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്‍റെ നടപടി.