തൃശൂരിൽ നവമാധ്യമങ്ങളിൽ പ്രചരിച്ച മർദ്ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്

0

തൃശൂർ : നവമാധ്യമങ്ങളിൽ പ്രചരിച്ച തൃശൂരിലെ മർദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്. പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂർ പൊലീസാണ് കേസെടുത്തത്. ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിച്ചതായിരുന്നു ദൃശ്യങ്ങൾ. ഡ്രൈവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും.

ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവമുണ്ടായത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പേരില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് സത്യാവസ്ഥ പുറത്ത് വന്നത്.

പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നല്‍കി. ഒല്ലൂർ പിആർ പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർഥിയെ ലോറി ഡ്രൈവർ ഉപദ്രവിച്ചു. കുതറി മാറിയ ആൺകുട്ടി ബഹളംവച്ചപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ ഓടിയെത്തി. അപ്പോഴേക്കും കടന്നു കളഞ്ഞ ഡ്രൈവറെ തേടി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെത്തിയ പിതാവ് മര്‍ദ്ദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്