മൂന്നു വട്ടം : ദൈവം.

0

മനുഷ്യർ മാത്രം നടക്കുന്ന
വഴിയിൽ
കാത്തുനിന്ന് മുഷിഞ്ഞ മട്ടിൽ
ദൈവം.
തോളിൽ മുഷിഞ്ഞ തോർത്ത്
വയലിൽ നിന്നല്ല
മണൽ കാറ്റിൽ തോർത്തുലഞ്ഞു.
റോഡിനപ്പുറം ഗാഫ്
ഇലയൊരെണ്ണം നീട്ടിയെറിഞ്ഞു.
ഉണങ്ങിയിട്ടില്ല; നെറ്റിയിലൊട്ടി.
ഏറെ നേരമായി, ല്ലെ?
ദൈവം പുരികം ചുളിച്ചു.
ആദ്യം വന്ന വാഹനത്തിന് കൈ നീട്ടി.
അത് കാറ്റിനെ കെട്ടഴിച്ചു വിട്ടു.
നിർത്തിയില്ല.
ദാഹിക്കുന്നുണ്ടോ?
നാരങ്ങയും പുതീനയിലയും കീരയും
ദൈവം ചിരിച്ചു.
ഇഞ്ചി ഇടാൻ മറന്നു.
സാരമില്ലെന്ന് ദൈവം
മൂന്നു കവിൾ അകത്താക്കി.
മൂന്നാമത്തേത് നിർത്തും
ദൈവം പറഞ്ഞു തീരും മുൻപ്
രണ്ടാം വണ്ടിയിൽ നിന്ന്
മണൽനിറച്ച് ഷമാൽ കാറ്റ് ഓടിയിറങ്ങി.
എന്താണെല്ലാം മൂന്നിന്റെ കണക്ക്.
വീട്, എയർപോർട്ട്;ലേബർക്യാമ്പ്
മൂന്നു തവണ ചിരിച്ചു.
നഗരത്തിലെ കാത്തിരുപ്പാലയങ്ങൾ
എല്ലാ ശീതികരിച്ചു.
എന്റെ കണ്ണു നിറഞ്ഞു.
ഗാഫ് മരത്തിവപ്പോൾ മൂന്നു പേർ
രാജകലയുള്ള പരുന്തുകൾ.
എവിടെ നിന്നാണ്?
വില്ല; ഒട്ടകാലയം; മരുഭൂമി
മറുപടി പറഞ്ഞില്ല.
ആദ്യ നിർത്തിയ വണ്ടിയിൽ
ചാടിക്കയറുന്നത് കണ്ടു;
കള്ള വണ്ടിയാകും.
മൂന്നാമത്തെ ലൈറ്റ് കത്തി.
ദൈവം കൈ വീശുന്നുണ്ടായിരുന്നു.
മേലേ ആറു ചിറകുകൾ കുട നിവർത്തിയ പോലെ.
മൂന്നാമത്തെ വളവു വരെ.

(published in pravasiexpress Vishu Magazine 2017)