ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ കെട്ടിതാഴ്ത്തിയ കേസ്: ഭർത്താവ് അറസ്റ്റിൽ

0

കണ്ണൂര്‍: ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ കെട്ടിതാഴ്ത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സെൽജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയും ആലപ്പുഴ സ്വദേശിയുമായ പ്രമീളയെയാണ് സെല്‍ജോ കാസര്‍കോഡ് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയത്.

ഓട്ടോറിക്ഷ ഡ്രൈവർ സിൽജോ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയിൽ ഉപേക്ഷിച്ചതായി പൊലീസിന് മൊഴി നൽകിയിരുന്നു. മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. മൃതദേഹം കണ്ടെത്താന്‍ ചന്ദ്രഗിരിപ്പുഴയില്‍ വിപുലമായ തിരച്ചില്‍ നടത്തും

ഭാര്യ പ്രമീളയെ കാണാതായെന്ന് കാട്ടി കഴിഞ്ഞമാസം ഇരുപതിനാണ് സെൽജോ കാസർഗോഡ് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.  പ്രമീളയെ സെപ്റ്റംബർ 19 മുതൽ കാണാനില്ലെന്നായിരുന്നു പരാതി. കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയാണ് പ്രമീള.

പൊലീസിന് സെൽജോ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടതോടെ പൊലീസ് നടത്തിയ വിശദമായി ചോദ്യം ചെയ്യലില്‍ താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറാണ് സെൽജോ. വഴക്കിനിടെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാത്രി തന്‍റെ ഓട്ടോറിക്ഷയിൽ തെക്കിൽ പാലത്തിന് മുകളിലെത്തി മ‍ൃതദേഹം ചാക്കിൽ പൊതിഞ്ഞ് കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.

പതിനൊന്ന് വർഷം മുമ്പാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. കഴിഞവർഷം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് മക്കളോടൊന്നിച്ച് കാസർകോട് പന്നിപ്പാറയിലെ വാടക വീട്ടിലായിരുന്നു താമസം. സെൽജോ തന്നെയാണ് ഭാര്യയെ കെട്ടിത്താഴ്ത്തിയ സ്ഥലം പൊലീസ് കാണിച്ച് കൊടുത്തത്.