കേരളാ പോലീസ്, പോക്കിരി സംഘമോ?

0

രാജ്യത്തിലെ തന്നെ മികച്ച അന്വേഷണോദ്യോഗ്സ്ഥർ ഉള്ളതെന്ന് അഭിമാനിക്കാൻ വകയുള്ള ഡിപ്പാർട്ട്മെൻറ് തന്നെയായിരുന്നു കേരളാ പോലീസ് ഡിപാർട്ട്മെൻ്റ്. അന്വേഷണ മികവിലും കുറ്റകൃത്യം തെളിയിക്കുന്നതിലും അവരുടെ വൈദഗ്ധ്യം എടുത്ത് പറയാൻ പറ്റുന്ന തരത്തിലുള്ളത് തന്നെയായിരുന്നു. ആ കേരളാ പോലീസിന് എന്താണ് സംഭവിച്ചതെന്ന് ആലോചനയ്ക്ക് വിധേയമാകേണ്ട സന്ദർഭം അതിക്രമിച്ചിട്ടുണ്ടെന്നാണ് വർത്തമാനകാല സംഭവങ്ങൾ നമ്മോട് പറയുന്നത്. കേരളത്തിൽ പോലീസ് അതിക്രമങ്ങൾ നിത്യ സംഭവങ്ങളായി മാറിത്തീർന്നിരിക്കുന്നു.

പോലീസിൻ്റെ കിരാത നടപടികൾ റിപ്പോർട്ട് ചെയ്യാത്ത ഒരു ദിവസം പോലും സമീപ കാല വാർത്താ മാദ്ധ്യമങ്ങൾ പുറത്ത് വരാറില്ല. എവിടെയെല്ലാമോ അപകട സൂചന പതിയിരിക്കുന്നുണ്ട്. പോലീസ് സേനയിൽ ആർ.എസ്.എസ്. നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് സി പി ഐ നേതാക്കൾ തന്നെ പരസ്യമായി പറയുന്ന സാഹചര്യം’ ഏറ്റവും ഒടുവിലായി എസ് ഡി പി ഐ ക്കാർക്ക് വിവരം ചോർത്തിക്കൊടുത്തതിന് ഒരു പോലീസുകാരനെതിരെ നടപടിയെടുക്കേണ്ട സാഹചര്യം സംജാതമായ സ്ഥിതി വിശേഷം ‘ അമ്മയുടെ മുന്നിൽ വെച്ച് മകളെ അപമാനിക്കുന്ന പിങ്ക്‌ പോലീസ്’ ഉദാഹരണങ്ങൾ ഒട്ടനവധിയാണ്.

ഇതിന് അടിയന്തിര ചികിത്സ അനിവാര്യമാരിക്കുകയാണ്. സേനയുടെ ഉള്ളിലേക്ക് രാഷ്ടീയം നുഴഞ്ഞു കയറിയതും അല്ലെങ്കിൽ കയറ്റിയതും തന്നെയാണ് കേരളാ പൊലീസ് സേനയുടെ അപചയത്തിൻ്റെ മുഖ്യ കാരണം. മാത്രമല്ല, പരിശീലനത്തിലെ അശാസ്ത്രീയതയും ഇതിന് വഴിയൊരുക്കുന്നുണ്ട്. ഒരു സമൂഹത്തിനെ കൈകാര്യം ചെയ്യേണ്ട സേനയ്ക്ക് അതിന് ഉപയുക്തമായ രീതിയിലുള്ള പരിശീലനമാണ് ആവശ്യം. അത് ശാസ്ത്രീയവും മനുഷ്യമുഖമുള്ളതുമാകാരിക്കണം. നമ്മുടെ പോലീസ് സേനയ്ക്ക് ലഭിക്കുന്ന പരിശീലനം അത്തരത്തിലുള്ളതാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

അങ്ങനെ ചെയ്തില്ലെങ്കിൽ കേരളാ പൊലീസിൻ്റെ അതിക്രമങ്ങൾ ആവർത്തിക്കപ്പെടുകയും ഭരണാധികാരികൾ അതിന് ഉത്തരം പറയേണ്ടി വരികയും ചെയ്യും. പരിഷ്കൃതമായ സമൂഹത്തെ കൈകാര്യം ചെയ്യാനുള്ള നവീന സേനയായി കേരളാ പോലീസിനെ പരിവർത്തനം ചെയ്യാൻ ഇനിയും കാത്തിരുന്നു കൂടാ… ഒരു പോക്കിരി സംഘമായി കേരളാ പോലീസിനെ നിലനിർത്തുന്നത് പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ ഒട്ടും അഭികാമ്യമല്ല.