നടിയെ ആക്രമിച്ച കേസ്, പൾസർ സുനിയെ ചോദ്യം ചെയ്തു

0

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്‌തു. എറണാകുളം സബ് ജയിലിൽ എത്തിയാണ് പൾസർ സുനിയെ ചോദ്യം ചെയ്‌തത്‌. കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പൾസർ സുനിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു അനേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനടിസ്ഥാനമായ ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്. ഏകദേശം ഒരുമണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്. നടൻ ദിലീപിനെ കാണാനെത്തിയപ്പോൾ, സുനിൽ കുമാറിനൊപ്പം കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരൻ സുനിൽ കുമാറിന് പണം നൽകിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു.

ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾസർ സുനി സമ്മതിച്ചതായാണ് വിവരം. ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം ഘണ്ഡിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പൾസർ സുനിക്ക് നേരത്തെ പറഞ്ഞതിൽ നിന്നും കൂടുതൽ കാര്യങ്ങൾ കേസുമായി ബന്ധപ്പെട്ട് പറയാനുണ്ടോ, കൊട്ടേഷൻ അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ച കാര്യങ്ങൾ ഉൾപ്പെടെ എല്ലാത്തിനുമുള്ള വിശദീകരണം അന്വേഷണസംഘം തേടിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.