‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു’; പൊലീസുകാരിയുടെ മൊഴി

0

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിജി വിജയന്‍ എന്ന വനിതാ ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയത്.

സ്വപ്നയുടെ ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്. സ്വപ്‌നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താന്‍ അടുത്തുണ്ടായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യംചെയ്യലിനിടയില്‍ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാക‍ൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്.

കൂടാതെ, നേരത്തെ പുറത്തുവന്ന ശബ്ദരേഖ സ്വപ്‌നയുടേതുതന്നെയാണെന്നും ശബ്ദരേഖയില്‍ പറയുന്നു. താനല്ല ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത്. സ്വപ്‌നയുമായി ബന്ധമുള്ള ആള്‍ക്കാര്‍ അവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ആ സമയത്ത് താന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്തായിരിക്കാം കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു.