പ്രഭുദേവ, വിവാഹിതനാണ്, വധു ഡോക്ടറാണ്; സ്ഥിരീകരിച്ച് സഹോദരൻ

0

നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹം സംബന്ധിച്ച വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലെ ഒരു ചർച്ചാവിഷയം. പ്രഭുദേവ രണ്ടാമതും വിവാഹിതനാകാൻ പോവുകയാണെന്നും സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും കൂടാതെ സെപ്തംബറിൽ പ്രഭുദേവ വിവാഹിതനായെന്നും വധു ഫിസിയോതെറാപ്പിസ്റ്റാണെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. ഇതെക്കുറിച്ച് ന‌ടൻ പ്രതികരിച്ചില്ല.

എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് നടൻ സഹോദരൻ രാജു സുന്ദരം. ടെെംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്ടർ ഹിമാനി എന്നാണ് പ്രഭുദേവയു‌ടെ ഭാര്യയുടെ പേര്. മെയ് മാസത്തിൽ‍ ചെന്നെെയിൽ വച്ചായിരുന്നു വിവാഹം. ലോക് ഡൗൺ ആയതുകൊണ്ട് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ചികിത്സയുടെ ഭാ​ഗമായാണ് പ്രഭുദേവ ഹിമാനിയുമായി പരിചയത്തിലായതെന്ന് രാജു സുന്ദരം പറഞ്ഞു.

തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ട‌ായിരുന്നു. മുംബെെയിൽ ചികിത്സയുടെ ഭാ​ഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുംബെെയിൽ നിന്ന് ഇരുവരും ചെന്നെെയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക് ഡൗൺ ഇളവുകൾ വന്നതോ‌‌ടെ ഇരുവരും കുടുംബാം​ഗങ്ങളെ സന്ദർശിച്ച് അനു​ഗ്രഹം തേടി. സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം പറഞ്ഞു.