മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

0

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. കൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം. രാജ്യം ഭാരതരത്ന നൽകി ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച നടക്കും. രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുൻ രാഷ്ട്രപതിയുടെ നിര്യാണവാർത്തയ്ക്കു പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാർലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സെപ്റ്റംബർ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. പ്രണബ് മുഖർജിയുടെ സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു നടത്തുമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

ഇന്ത്യ യുഎസ് ആണവ കരാർ നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ൽ പ്രതിരോധമന്ത്രിയും 2006 ൽ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരിക്കുമ്പോൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം, പെൺകുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ് പ്രണബ് മുഖര്‍ജിയുടെ ജനനം.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.

സുരി വിദ്യാസാഗര്‍ കോളേജില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേര്‍ ഡാക്’ ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭി ഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.

1997-ല്‍ മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരം നേടി. പദ്മവിഭൂഷണും കരസ്ഥമാക്കിയുണ്ട്. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന അഞ്ച് പുസ്തക ങ്ങള്‍ പ്രണബ് മുഖര്‍ജി രചിച്ചിട്ടുണ്ട്. പരേതയായ സുവ്‌രയയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്,ശര്‍മിഷ്ഠ എന്നിവര്‍ മക്കളാണ്.