പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക്

0

പ്രണവ്‌ എന്നു സിനിമയിലേക്ക്? സിനിമാ ലോകം ഏറ്റവും അധികം ചോദിച്ച ചോദ്യങ്ങളില്‍ ഒന്നാകും ഇത്. നടനവിസ്മയ൦ മോഹന്‍ലാലിന്റെ പുത്രന്റെ സിനിമാപ്രവേശം അത്ര അധികം ചര്‍ച്ച ചെയ്ത വാര്‍ത്തയാണ്.എന്നാല്‍ ഇതാ അഭ്യൂഹങ്ങള്‍ക്ക് വിരാമം . പ്രണവ് സിനിമയിലേക്ക് വരുന്നു.

ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത പ്രണവ് മോഹന്‍ലാല്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ട്.പല സംവിധായകരും പ്രണവിനോട് കഥ പറഞ്ഞു കഴിഞ്ഞെങ്കിലും ചിത്രം ഏതെന്നു  തീരുമാനിച്ചിട്ടില്ലെന്നുമാണ് സൂചന. പ്രണവിന്റെ നായക അരങ്ങേറ്റം മികച്ചൊരു പ്രൊജ്കടിനൊപ്പമായിരിക്കുമെന്ന് മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ട് ചിത്രങ്ങളിലാണ് പ്രണവ് ബാലതാരമായി എത്തിയിരുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍, മേജര്‍ രവി ഒരുക്കിയ പുനര്‍ജനി. ഇതില്‍ പുനര്‍ജനിയിലെ പ്രകടനത്തിന് 2002ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവ് സ്വന്തമാക്കി. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ ബാല്യകാലമാണ് പ്രണവ് ചെയ്തത്. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ഷോട്ടില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച പ്രണവ് ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയില്‍സിലും ബിരുദവും പിന്നീട് ഗവേഷണവും പൂര്‍ത്തിയാക്കി. പഠനത്തിനും ഗവേഷണത്തിനും ശേഷം സൗഹൃദസംഘത്തിനൊപ്പം വിദേശയാത്രയും ബീറ്റില്‍സുമായി സിനിമയോട് അകന്നുകഴിയുകയായിരുന്നു പ്രണവ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസത്തില്‍ സംവിധാന സഹായിയായിരുന്നു പ്രണവ് മോഹന്‍ലാല്‍. ജീത്തുവിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും പ്രണവ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും താരപുത്രന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം ഒന്നടങ്കം.