അധോലോക സിനിമയെടുത്തയാൾക്ക് പക്ഷേ സൂചി പേടിയാണ്; കെജിഎഫ് സംവിധായകനെ ട്രോളി ആരാധകർ

0

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് പങ്കു വച്ച ചിത്രമാണ് ഈ കളിയാക്കലിനു കാരണം. പ്രശാന്ത് തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്‌. സംവിധായകൻ പ്രശാന്ത് നീലിനെ ട്രോളി നിരവധിയാരാധകരാണ് രംഗത്തെത്തുന്നത്.

ചിത്രത്തിൽ തലയിൽ കൈ വച്ച് കണ്ണടച്ചിരുന്നാണ് പ്രശാന്ത് വാക്സിൻ സ്വീകരിക്കുന്നത്. എല്ലാവരും വാക്സിൻ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്. എന്നാൽ പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാൾക്ക് ഇത്ര പേടിയോ എന്നുമൊക്കെ ചോദിച്ച് മലയാളികളടക്കമുള്ള ആരാധകർ കളിയാക്കൽ തുടങ്ങി.

‘കാര്യം മോൺസ്റ്റർ റോക്കിയെ ഭായിയെ സൃഷ്ടിച്ച മുതൽ ആണെങ്കിലും കോവിഡ് വാക്സിൻ എടുക്കാൻ പേടിയാ’ തുടങ്ങി കമന്റുകൾ നിരവധി സമൂഹമാധ്യമ പേജിൽ നിറഞ്ഞു. സിനിമയില്‍ വയലന്‍സും ആക്ഷനും ധാരാളം ഉണ്ടെങ്കിലും പ്രശാന്തിന്റെ മനസ്സ് കൊച്ചുകുട്ടികളെക്കാള്‍ ലോലമാണെന്ന് ആരാധകര്‍ കുറിച്ചു. കന്നട മാധ്യമങ്ങളും പ്രശാന്തിന്റെ പേടി വാർത്തയാക്കി.

2014 ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് നീല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗംഭീര വിജയമായിരുന്നു. പിന്നീട് നാല് വര്‍ഷത്തിന് ശേഷം കെ.ജി.എഫ് സംവിധാനം ചെയ്തു. യഷ് നായകനായ ചിത്രം ഇന്ത്യയൊട്ടാകെ തരംഗമായി. ഇപ്പോള്‍ കെ.ജി.എഫ് രണ്ടാം ഭാഗമാണ് പ്രശാന്ത് സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.