പ്രവാസി തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ

0

കേരള സർക്കാർ പ്രവാസി മലയാളികൾക്കായി നൽകുന്ന തിരിച്ചറിയൽ കാർഡിന് ഇനി ഓൺലൈൻ അപേക്ഷ.എൻആർകെ ഐഡന്റിറ്റി കാർഡിനായി അപേക്ഷിക്കുന്നവർ ആദ്യം പ്രവാസി കേരളീയ ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്യണം. അങ്ങനെ റജിസ്റ്റർ ചെയ്തവർക്കു യൂസർ നെയിമും പാസ്‌വേർഡും ലഭിക്കും. ഇതുപയോഗിച്ച് എൻആർകെ വെബ്സൈറ്റിൽ പ്രവേശിച്ചാണ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രവാസികളെയും കേരളത്തിൽ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡേറ്റാബേസിനു രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. പ്രവാസികൾക്കുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഈ ഡേറ്റാബേസ് പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിടുന്നത്.
വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കു തങ്ങളുടെ വിവരങ്ങൾ ഈ ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്യാം. പ്രവാസികാര്യ വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഈ റജിസ്ട്രേഷൻ നിർബന്ധമായിരിക്കും.

റജിസ്ട്രേഷൻ ഇങ്ങനെ

∙ www.norkaroots.net വെബ്സൈറ്റിൽ പ്രവേശിക്കുക.

∙ ഹോം പേജിൽ താഴെയായുള്ള ‘പ്രവാസി ഡേറ്റാബേസി’ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മറ്റൊരു വിൻഡോ തുറക്കും.

∙ ആ പേജിലെ വിവരങ്ങൾ വായിക്കുക. ഏറ്റവും താഴെയായുള്ള റജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം.

∙ ഓൺലൈൻ അപേക്ഷാ ഫോമിന്റെ എല്ലാ പേജുകളും പൂർണമായും പൂരിപ്പിക്കുക.

∙ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പർ, ഇ–മെയിൽ എന്നിവയിലേക്കാണു ലോഗിൻ വിവരങ്ങൾ ലഭിക്കുക.

∙ പ്രാഥമിക വിവരങ്ങൾ റജിസ്റ്റർ ചെയ്തതിനുശേഷം പോർട്ടലിൽ ലോഗിൻ ചെയ്തു പൂർണവിവരങ്ങൾ നൽകാം.

ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം

∙ പ്രവാസി ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്കു പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രവാസി ഐഡി കാർഡിന് അപേക്ഷിക്കാം. അപേക്ഷാ ഫീസായ 300 രൂപ ഓൺലൈനായി സമർപ്പിക്കണം.

∙ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നവർ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.

∙ ഇതിനു പുറമേ പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പും സമർപ്പിക്കണം.

വിദേശത്തു തൊഴിൽ ചെയ്തിരുന്ന കാലയളവ് വ്യക്തമാകുന്ന രേഖകളും നൽകണം.