പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

0

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. നല്‍കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിട്ടുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മറ്റു രാജ്യങ്ങള്‍ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു രാജ്യങ്ങളുടെ നയവും നിയമവുമല്ല നമ്മുടേതെന്നായിരുന്നു കോടതിയുടെ മറുപടി.

മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവരെ സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകുന്നത് ഇപ്പോൾ രാജ്യാന്തരതലത്തിൽതന്നെ നിർത്തിവച്ചിരിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കണമെന്ന ഹർജിയും കോടതി പരിഗണിച്ചു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളം മാത്രമാണ് ഇത്ര ശക്തമായി ആവശ്യമുന്നയിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിയിച്ചത്. ഹര്‍ജിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേട്ടത്‌. ഹര്‍ജി മെയ് രണ്ടിന് പരിഗണിക്കാന്‍ മാറ്റി.