മലയാളികളുടെ ട്രോള്‍ പൊങ്കാല ; തെലുങ്ക് പ്രേമപ്പാട്ടിന്റെ കമന്റ് ബോക്‌സ് പൂട്ടി

0

ഇങ്ങനെയൊക്കെ ഞങ്ങളോട് ചെയ്യാമോ എന്നാണു ഇപ്പോള്‍ പ്രേമം ആരാധകര്‍ ഒന്നടങ്കം തെലുങ്കരോട് ചോദിക്കുന്നത് .കേരളവും ,തമിഴും നെഞ്ചോടു ചേര്‍ത്ത പ്രേമം സിനിമയുടെ  തെലുങ്ക് പതിപ്പിന്റെ കാര്യത്തില്‍ മിക്കവാറും തീരുമാനം ആകും. കഴിഞ്ഞ ദിവസമാണ് പ്രേമത്തിലെ മലരേ എന്ന ഹിറ്റ്‌ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് എവരേ  യൂട്യൂബില്‍ എത്തിയത് .പിന്നത്തെ പൂരം പറയേണ്ടതില്ല. ഗാനം റിലീസ് ചെയ്തതിന് ശേഷം കമന്റ് ബോക്‌സില്‍ വന്നു നിറഞ്ഞ തെറി വിളിയും ട്രോളും കണ്ടു സഹികെട്ടു ഇപ്പോള്‍ യൂട്യൂബ് പേജിലെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ് .ഇത് കൊണ്ട് ഇനി പാട്ടിനെ വിമർശിച്ചു കൊണ്ടുള്ള ട്രോളുകളും കമന്റുകളും  പാട്ടിനു താഴെ കുറിക്കുവാനാകില്ല.

മലയാളം പാട്ടിന്റെ ഏഴയലത്ത് പോലും തെലുങ്ക് പ്രേമം എത്തിയില്ല എന്നത് തന്നെ ട്രോള്‍ പൊങ്കാലയുടെ കാരണം .തെലുങ്കില്‍ നാഗചൈതന്യയും ശ്രുതി ഹാസനും നായികാനായകന്മാരാകുന്ന ‘പ്രേമം’ റീമേക്ക് ആദ്യ അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. നിവിനും സായി പല്ലവിയും ഒക്കെ അനശ്വരമാക്കിയ പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ അത് പ്രതീക്ഷയ്ക്ക് ഒത്തുയരുമോ എന്നായിരുന്നു മലയാളികളുടെ ആകാംഷ മുഴുവന്‍ .

പ്രോജക്ട് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ #RIPPremam  എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങള്‍ ഹൃദയത്തിലേറ്റിയ പ്രിയചിത്രത്തിന്റെ ഒരു റീമേക്ക് കാണാന്‍ ‘ശക്തിയില്ലാത്ത’ ആരാധകരാരോ പ്രചരിപ്പിച്ചതായിരുന്നു അത്.അക്കിനേനി നാഗചൈതന്യയും ശ്രുതി ഹാസനുമാണു തെലുങ്ക് പതിപ്പിൽ അഭിനയിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ ചിത്രം തെലുങ്കിൽ വൻ താരജോഡികളെ വച്ചു ചെയ്തപ്പോൾ പാട്ടു കാണുവാനുള്ള ആകാംഷയിലായിരുന്നു.മലയാളം ‘പ്രേമ’ത്തിലെ ‘മലരേ’ എന്ന ഗാനം തെലുങ്ക് പതിപ്പില്‍ അതേ ഈണത്തില്‍ മൊഴിമാറ്റിയാണ് എത്തുന്നത്.മലയാളത്തില്‍ നിവിന്‍ പോളിയുടെ സ്ഥാനത്ത് അക്കിനേനി നാഗചൈതന്യയെയും സായ് പല്ലവിയുടെ സ്ഥാനത്ത് ശ്രുതി ഹാസനെയും കണ്ടിട്ട് ‘പ്രേമം’ ആരാധകര്‍ക്ക് സഹിച്ചില്ല എന്ന് മാത്രമല്ല ട്രോള്‍ പൊങ്കാല തന്നെ മലയാളികള്‍ തീര്‍ക്കുകയായിരുന്നു.

തമിഴ് തെലുങ്ക് മാധ്യമങ്ങളിൽ നൂറു കണക്കിനു ട്രോളുകളാണു പാട്ടിനെ മലയാളം ദൃശ്യങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടെത്തിയത്. യുട്യൂബിലും വിമർശനങ്ങൾ അധികമായതോടെയാണു കമന്റ് ബോക്സ് ഒഴിവാക്കുവാൻ തീരുമാനിച്ചത്.  എന്തായാലും ഒരു ഗാനം കണ്ടപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനി സിനിമ ഇറങ്ങുമ്പോള്‍ എന്താകുമെന്ന് കണ്ടു തന്നെ അറിയണം .