മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

0

മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്.

ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി എന്നിവയിലാർക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാൽ സർക്കാർ രൂപീകരിക്കാനുള്ള തുടർനടപടികളിലേക്കു കടക്കാം. അത് വരെ നിയമസഭ മരവിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയെന്നു സ്ഥിരീകരിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ മറ്റു വഴികളില്ലെന്നു കാട്ടിയാണ് രാഷ്ട്രപതിക്ക് ഗവർണർ റിപ്പോർട്ട് നൽകിയത്. ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് നടപടിക്ക് ഗവർണർ ശുപാർശ ചെയ്തത്.

ഭൂരിപക്ഷം തെളിയിക്കുന്നതിന് എന്‍സിപിക്ക് നല്‍കിയ 24 മണിക്കൂര്‍ സമയം അവസാനിക്കുന്നതിന് മുമ്പായിട്ടാണ് ഗവര്‍ണറും കേന്ദ്ര മന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. അതേ സമയം എന്‍സിപി 48 മണിക്കൂര്‍ കൂടി സമയം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ എന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയോട് ഗവര്‍ണര്‍ ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് ശിവസേന അറിയിച്ചിരുന്നു. അവര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേനാ നേതാവ് ആദിത്യ താക്കറെ മൂന്നുദിവസം കൂടി അധികസമയം ചോദിച്ചിട്ടും ഗവര്‍ണര്‍ അനുവദിച്ചിരുന്നില്ല.