സ്വര്‍ണവില: ഒരു പവന് 31,520 രൂപയായി കുറഞ്ഞു

0

കൊച്ചി: കുതിച്ചുയർന്ന സ്വർണ വില താഴേക്ക്. ചൊവ്വാഴ്ച ഉച്ചവരെ രണ്ടു തവണയായി 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. പവന് വില 31,520 രൂപയായി. ഇന്നലെ രണ്ട് തവണയായി സ്വർണവില പവന് 520 രൂപ ഉയർന്നിരുന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി 32,000 എന്ന നിലവാരത്തിലും സ്വർണവില എത്തി. ഇന്നു രാവിലെ 200 രൂപയും ഉച്ചയ്ക്കു മുൻപായി 280 രൂപയുമാണ് പവന് കുറഞ്ഞത്.

ഇന്ന് രണ്ടു തവണ വില കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 3940 രൂപയായി. ഇന്നലെ ഗ്രാമിന് വില 4000 രൂപയിലെത്തിയിരുന്നു. 32,000 രൂപയിൽനിന്ന് പവൻ വില 31,520 രൂപയായും കുറഞ്ഞു. വില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വർണം വിറ്റു ലാഭമെടുപ്പു നടത്തിയതാണ് വിലകുറയാനുള്ള കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) ഇന്ന് 34 ഡോളർ കുറഞ്ഞു. 1638 ഡോളറാണ് വില.