പ്രധാനമന്ത്രി കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. എയിംസിലെ നഴ്‌സുമാരായ പുതുച്ചേരിയില്‍ നിന്നുളള പി.നിവേദ, പഞ്ചാബില്‍ നിന്നുളള നിഷ ശര്‍മ എന്നിവരാണ് പ്രധാനമന്ത്രിക്ക് ഇന്ന് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നല്‍കിയത്. മാര്‍ച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുക്കുന്നത്.

60 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന്‌ മുകളിലുള്ള രോഗബാധിതര്‍ക്കുമാണ്‌ രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്‌. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നു വാക്‌സിനെടുത്തതിനു പിന്നാലെ മോദി ആഹ്വാനം ചെയ്‌തു. ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത്‌ ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസേര്‍ച്ചും (ഐ.സി.എം.ആര്‍.) സംയുക്‌തമായാണു കോവാക്‌സിന്‍ വികസിപ്പിച്ചത്‌.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. അതുമാത്രമല്ല സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.